JHL

JHL

മംഗളൂരു മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകി;ആശുപത്രിക്കു മുന്നിൽ പ്രതിഷേധം

മംഗളൂരു (True News 28 October 2019): മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച യുവാവിന്റെ മൃതദേഹം അഴുകയതായി പരാതി. തുടർന്നു യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. ഇവിടെ ഏറെ നേരം സംഘർഷാവസ്ഥയും നിലനിന്നു. ഞായറാഴ്ച  മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിലാണു സംഭവം.

വെള്ളിയാഴ്ച തൊക്കോട്ട് കല്ലാപ്പുവിൽ ഷോക്കേറ്റു മരിച്ച തൊക്കോട്ട് നിത്യാധാർ സൈറ്റിലെ വിൽസൺ അലൻ ഫെർണാണ്ടസിന്റെ (26) മൃതദേഹം സഹോദരൻ വിദേശത്തു നിന്ന് എത്താനുള്ളതിനാൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ സഹോദരനെത്തിയ ശേഷം സംസ്‌കരിക്കാനായി മൃതദേഹം മോർച്ചറിയിൽ നിന്നു പുറത്തെടുത്തപ്പോൾ അഴുകിയ നിലയിലായിരുന്നു.

ഇതോടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി കവാടത്തിൽ മുദ്രാവാക്യം വിളിച്ച് ഉപരോധം നടത്തി. യു.ടി.ഖാദർ എംഎൽഎ, പോലീസ് കമ്മീഷണർ ഡോ. പി.എസ്. ഹർഷ, തൊക്കോട്ടു പള്ളി വികാരി ഫാ. ജെ.ബി. സൽദാന എന്നിവർ സ്ഥലത്തെത്തി ആശുപത്രി അധികൃതരും പ്രതിഷേധക്കാരുമായി ചർച്ച നടത്തിയാണു പ്രശ്നം പരിഹരിച്ചത്.

 ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസറും ആശുപത്രി മാനേജ്മെന്റും പ്രത്യേകം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മൃതദേഹം രാത്രിയോടെ സംസ്‌കരിച്ചു. ദിവസങ്ങളായി മംഗളൂരുവിൽ ശക്തമായ കാറ്റും മഴയും ഇടിമിന്നലുമുണ്ട്. മിന്നൽ മൂലമുണ്ടായ ഷോട്ട് സർക്യൂട്ട് കാരണം മോർച്ചറിയിലെ ഫ്രീസറിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതാണ് മൃതദേഹം അഴുകാൻ കാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

No comments