JHL

JHL

കേരളത്തിൽ കോൺഗ്രസുകാർക്ക് ഖദർ ഇട്ട് നടക്കാൻ കഴിയുന്നത് എൽഡിഎഫ് ഉള്ളതുകൊണ്ട് - കോടിയേരി

കുമ്പള: കേരളത്തിൽ കോൺഗ്രസുകാർക്ക് ഖദറിട്ട് നടക്കാൻ കഴിയുന്നത് എൽഡിഎഫ് ഉള്ളതുകൊണ്ടാണെന്ന് കോടിയേരി ബാലകൃഷ്ണൻ.
കുമ്പള  കളത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്നില്ല. കേരളത്തിൽ ഏതൊരാൾക്കും അവനവന്റെ വിശ്വാസമനുസരിച്ച്  ജീവിക്കാം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രവർത്തിക്കാം. ഇതു തകർക്കാനാണ് ആർ എസ് എസ് ശ്രമം നടത്തുന്നത്. ആർഎസ്എസിന്റെ ഈ ശ്രമങ്ങൾക്ക് കോൺഗ്രസ് സഹായിക്കുന്നു. ഇതിന് ലീഗ് എന്തിന് കൂട്ടുനിൽക്കണം എന്ന് അദ്ദേഹം ചോദിച്ചു. പാർലമെൻറിൽ ബില്ലുകൾ വോട്ടിങ്ങിന് വരുമ്പോൾ കോൺഗ്രസിലെ ഓരോ എംപിമാർക്കും ഓരോ അഭിപ്രായമായിരുന്നു. പ്രമാദമായഓരോ ബില്ലുകൾ വരുമ്പോഴും  ഈ അനൈക്യം പ്രകടമായിരുന്നു. ലീഗ് എം പി മാരാണെങ്കിൽ ഏത് തീവ്രവാദികളാണ് ബില്ലിന് എതിരുള്ളത് എന്ന് അമിത് ഷാ ചോദിക്കുമ്പോൾ 'എനിക്ക് മലപ്പുറത്ത് ഒരു കല്യാണത്തിന് പോകാനുണ്ടെ'ന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.   മുഖ്യമന്ത്രിയുടെ നിരന്തര ശ്രമങ്ങളുടെ ഫലമായി ഇവിടെ നാലുവരിപ്പാത യാഥാർഥ്യമാകാൻ പോകുന്നു. ഉടൻതന്നെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ജലപാത കമ്മീഷൻ ചെയ്തു. തൊഴിൽ നൽകാൻ വൻകിട പദ്ധതികൾ ആരംഭിക്കും. ഒരുലക്ഷം പേർക്ക് തൊഴിൽ ലഭിക്കാൻ പോകുന്ന വൻകിട സംരംഭങ്ങളാണ് ആരംഭിക്കാൻ പോകുന്നത്. 10,000 കോടി രൂപയുടെ പ്രവാസി നിക്ഷേപം കേരളത്തിൽ കൊണ്ടുവന്നു. ഈ മാറ്റങ്ങളൊന്നും എന്തുകൊണ്ട് യുഡിഎഫ് കാണുന്നില്ല?. യുഡിഎഫിന് ചെയ്യാൻ കഴിയാത്തത് എൽഡിഎഫിന് ചെയ്യാൻ കഴിയും. ഗെയിൽ പദ്ധതി പൂർത്തിയായിവരുന്നു. ഇടമൺ- കൊച്ചി വൈദ്യുതി ലൈൻ കമ്മിഷൻ ചെയ്തു. സെമി ഹൈസ്പീഡ് റെയിൽവേ ആരംഭിക്കാൻ പദ്ധതിയുണ്ട്. 64500 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി നടപ്പിലായാൽ നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്ത് എത്താം. യുഡിഎഫ് ഭരിക്കുന്ന കാലത്ത് കുംഭകോണങ്ങളുടെ കുംഭമേളയായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു. ടൈറ്റാനിയം, സോളാർ, ബാർ കുംഭകോണം തുടങ്ങിയ കുംഭകോണ സംഭവങ്ങളായിരുന്നു  യുഡിഎഫ് ഭരണകാലത്ത് മുഴുക്കെ.ഉമ്മൻചാണ്ടി, ഇബ്രാഹിംകുഞ്ഞ്, ചെന്നിത്തല തുടങ്ങിയവരെല്ലാം അഴിമതിയാരോപണങ്ങളിൽ പെട്ടു . അക്കാലത്ത്
നിയമസഭയിൽ പല എം എൽ എ മാരും സൗരോർജ്ജം എന്നതിനെ സരിതോർജ്ജം എന്നാണ് പറഞ്ഞിരുന്നത്. ഒരു പാലം നിർമ്മിച്ചാൽ അതിന് നൂറു കൊല്ലമെങ്കിലും ആയുസ്സ് ഉണ്ടാകും. എന്നാൽ അത് യുഡിഎഫ് ഗവൺമെൻറ് ആണ് നിർമ്മിക്കുന്നത് എങ്കിൽ കേവലം രണ്ടുകൊല്ലം മാത്രമാണ് അതിന്റെ ആയുസെന്ന് അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലത്തെക്കുറിച്ച് ഇത് പഞ്ചവടിപാലമോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. ഇവിടെ അഴിമതി രഹിത ഭരണമാണ് എൽഡിഎഫ് ഗവൺമെൻറ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഇന്ത്യയിലെ ഏറ്റവും അഴിമതി നടക്കുന്ന സംസ്ഥാനമാണ് കേരളം എന്നാണ് കേന്ദ്രം പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ ഒരു സംസ്ഥാനം ആയി മാറിയിരിക്കുകയാണ് കേരളം. ഈ തെരഞ്ഞെടുപ്പ് നടക്കുന്നത് കേവലം ഒന്നര വർഷത്തേക്കുള്ള ഒരു കാലാവധിക്ക് വേണ്ടിയാണ്. ഈ തെരഞ്ഞെടുപ്പിൽ നിങ്ങൾ എൽ ഡി എഫിന് വോട്ട് ചെയ്യണം. ശങ്കർ റൈ മാസ്റ്ററെ  വിജയിപ്പിക്കണം. നാടിൻറെ വികസനത്തിന് ശങ്കർ റൈ മാസ്റ്റർ വിജയിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു

No comments