JHL

JHL

മദീനയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിനു തീ പിടിച്ചു; 35 പേര്‍ വെന്തുമരിച്ചു

മദീന(True News 17 October 2019):മദീനയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിനു തീ പിടിച്ചു മുപ്പത്തി അഞ്ചു പേർ വെന്തു മരിച്ചു. റിയാദിൽ നിന്നുള്ള ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽ പെട്ടത്. മരിച്ചവർ വിവിധ രാജ്യക്കാരാണ്. ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

മദീനയിൽ നിന്നും മക്കയിലേക്കുള്ള വഴിയിൽ ഹിജ്‌റ റോഡിൽ 170 കിലോമീറ്റർ അകലെ വെച്ചായിരുന്നു സംഭവം. തീർത്ഥാടകർ സഞ്ചരിച്ച ബസ് മറ്റൊരു മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിക്കുകയും പെട്ടെന്ന് തീ പിടിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന 39 പേരിൽ 35 പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. മരിച്ചവരിലധികവും ഇന്തോനേഷ്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇവരിൽ ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

റിയാദിൽ ബംഗ്ലാദേശികളുടെ നേതൃത്വത്തിലുള്ള ദാറുൽ മീഖാത്ത് ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽ പെട്ടത്. റിയാദിൽ നിന്നും 4 ദിവസത്തെ ഉംറ തീർത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി പുറപ്പെട്ട സംഘമായിരുന്നു ഇവർ. മദീന സന്ദർശനം കഴിഞ്ഞു മക്കയിലേക്കുള്ള യാത്രാമധ്യേയാണ് ദാരുണ അപകടം. സംഭവത്തിൽ 4 പേർക്ക് പരിക്കുണ്ട്. അൽഹംന, വാദി ഫറഅ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന പരിക്കേറ്റവരുടെ നിലയും ഗുരുതരമാണ്.

No comments