JHL

JHL

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഹിന്ദുവാണെന്ന് പറയേണ്ട അവസ്ഥയില്‍ പിണറായി എത്തിയത് ആചാരം സംരക്ഷിക്കാന്‍ എന്‍.ഡി.എ നടത്തിയ പരിശ്രമങ്ങളുടെ വിജയം-ശോഭാ സുരേന്ദ്രന്‍

കുമ്പള(True News 15 October 2019): ശബരിമലയില്‍ ആചാര അനുഷ്ടാനത്തെ തകര്‍ക്കാന്‍ അങ്ങേയറ്റം മുന്നേറിയ പിണറായി വിജയന്‍ മഞ്ചേശ്വരത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി വിശ്വാസിയാണെന്നും ഹിന്ദുവാണെന്നും പറയേണ്ട അവസ്ഥയിലെത്തിയത് എന്‍.ഡി.എ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കാന്‍ നടത്തിയ വലിയ പരിശ്രമങ്ങളുടെ വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കുമ്പളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പാലാരിവട്ടം പാലമാണ് പിണറായി വിജയന്‍ യു.ഡി.എഫിനെതിരെ ഉപയോഗിച്ചത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്ന് ഭീഷണിപ്പെടുത്തി യു.ഡി.എഫിനെ അവിശുദ്ധ രാഷ്ട്രീയ ബന്ധത്തിന് ക്ഷണിച്ചിരിക്കുകയാണ് പിണറായി.
വരാന്‍പോകുന്ന കേരള നിയമസഭയില്‍ ഇടതുവലതു മുന്നണികളിലെ അഴിമതിക്കാരുടെ മുഖമൂടി വലിച്ച് പറിച്ചു കളയാന്‍ ബി.ജെ.പി പ്രതിനിധികള്‍ ജയിച്ച് കയറേണ്ടത് കക്ഷി രാഷ്രീയത്തിനതീതമായി നാടിന്റെ വികസനമാഗ്രഹിക്കുന്നവര്‍ക്കാവശ്യമാണ്.
മോദി ഗവണ്‍മെന്റിന്റെ ജനോപകാരമായ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാത്ത പിണറായിക്കെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷത്ത് കോണ്‍ഗ്രസ് നേതാക്കളില്ലാത്തത് അവര്‍ രണ്ടല്ല ഒന്നാണെന്നതിന്റെ തെളിവാണെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.
പിണറായിയുടെ മുഖംമിനുക്കാന്‍ ഒരുമാസം ഏഴ് ലക്ഷം ചെലവഴിക്കുന്നുവെന്ന കണക്ക് പുറത്തുവന്നിരിക്കുന്നു. ഏഴ് ലക്ഷമല്ല ഏഴ് കോടി ചെലവായാലും കയ്യിലിരിപ്പ് നന്നാവില്ലെന്ന് അവര്‍ പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത് കണ്ണൂര്‍, സംസ്ഥാന കമ്മിറ്റി അംഗം പി. സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

No comments