JHL

JHL

എ.ടി.എം നമ്പര്‍ ചോര്‍ത്തി ലക്ഷങ്ങള്‍ തട്ടിയ കാസര്‍കോട്ടെ അഞ്ചംഗ സംഘം യു.പിയില്‍ കുടുങ്ങി



കാസര്‍കോട്(True News 15 October 2019): എ.ടി.എം കൗണ്ടറുകളില്‍ ക്യാമറ സ്ഥാപിച്ച് പാസ്‌വേഡുകള്‍ ചോര്‍ത്തിയ ശേഷം വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ അഞ്ചുപേര്‍ യു.പിയില്‍ പിടിയിലായി.
മീപ്പുഗിരി ആര്‍.ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കൂഡ്‌ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട് സ്വദേശികളായ അബ്ദുല്‍റഹ്മാന്‍ ജംഷീദ്, അബ്ദുല്‍റഫാദ്, യാസീന്‍ എന്നിവരെയാണ് ഉത്തര്‍പ്രദേശ് ഉന്നാവോ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ചന്ദ്രമിശ്രയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഘം സഞ്ചരിച്ച കെ.എല്‍ 14 വി 1037 നമ്പര്‍ ആള്‍ട്ടോ കാര്‍ കസ്റ്റഡിയിലെടുത്തു.
യു.പിയില്‍ പലരുടേയും അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി പണം കവരുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നാവോ പൊലീസ് അന്വേഷണം ആരംഭിച്ച് എ.ടി.എം കൗണ്ടറുകള്‍ നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് കാസര്‍കോട് സ്വദേശികളായ അഞ്ചംഗ സംഘം പിടിയിലായത്. രണ്ട് ലാപ്‌ടോപ്പുകള്‍, രണ്ട് ഒളിക്യാമറകള്‍, 12 എ.ടി.എം കാര്‍ഡുകള്‍, സൈ്വപിംഗ് മെഷീന്‍, ഒരു കാര്‍ഡ് റീഡര്‍, ഒരു മെമ്മറി കാര്‍ഡ്, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. എസ്.ഐ ജിതേന്ദ്ര സിംഗ് യാദവ്, രഞ്ജിത്ത് യാദവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments