JHL

JHL

രുചി വൈവിധ്യവുമായി പുത്തിഗെയില്‍ നാട്ടുഭക്ഷ്യ മേള

കുമ്പള (True News 17 October 2019): മഞ്ഞളട, കുമ്പളപ്പം, ഇലയട, ഓട്ടട ഇങ്ങനെ പോകുന്നു അടവിഭവങ്ങള്‍. തോരന്‍, ഉപ്പേരി, വറവ് ,അച്ചാറ്, പുട്ട് ഇല വിഭവങ്ങള്‍ അങ്ങനെയും. ഇടിപ്പം, നൂലപ്പം, അവില്‍ ഉപ്പുമാവ് തുടങ്ങിയ നാലുമണി പലഹാരങ്ങള്‍ വേറെയും...നാവിന്‍തുമ്പില്‍ കൊതിയൂറും വിഭവങ്ങളുമായി പുത്തിഗെ എജെബി സ്‌കൂളില്‍ ഒരുക്കിയ ഭക്ഷ്യമേളയിലെ ഇനങ്ങളാണിവ. ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായാണ് നൂറ്റിയമ്പതിലേറെ നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശനം വിദ്യാലയത്തില്‍ ഒരുക്കിയത്. കണ്ടും രുചിച്ചും നാട്ടുവിഭവങ്ങളുടെ തനിമ ആസ്വദിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേഷ് കുമാറും മേളയില്‍ സജീവമായി. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയും നാട്ടുവിഭവങ്ങളുടെ മേന്മയും അദ്ദേഹം പങ്കുവച്ചു. നിറവും മണവും ചേര്‍ത്ത കൃത്രിമ രുചിക്കൂട്ടുകള്‍ നാവിന്റെ രസമുകുളങ്ങളെ ഇല്ലാതാക്കുമ്പോള്‍ നാടന്‍ ഭക്ഷണങ്ങളുടെ തിരിച്ചുവരവ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.  ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സും സംസ്ഥാന റിസോഴ്‌സ് പേഴ്‌സണുമായ ശോഭ രാമചന്ദ്രന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. പുത്തിഗെ പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കുട്ടി, പ്രധാനാധ്യാപിക ആര്‍.സിന്ധു, പിടിഎ പ്രസിഡന്റെ അബൂബക്കര്‍ ഉറുമി, എംപിടിഎ പ്രസിഡന്റ് രാജശ്രീ, അധ്യാപകരായ എ.വി ബാബുരാജ്, പ്രിയ, ജോണ്‍സണ്‍, സരിത എന്നിവര്‍ നേതൃത്വം നല്‍കി.

No comments