JHL

JHL

ബദിയഡുക്ക ബസ് സ്റ്റാൻഡിൽ കാളപ്പോര്; യാത്രക്കാർ ചിതറിയോടി

ബദിയഡുക്ക(True News 19 November 2019): ബദിയഡുക്ക ടൗണില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ കാളപ്പോരു ജനങ്ങളില്‍ ആകാംക്ഷയും ഭീതിയും പകര്‍ന്നു. ബദിയഡുക്ക ബസ്‌സ്റ്റാന്റില്‍ അലഞ്ഞു തിരിയാറുള്ള കന്നുകാലികള്‍ പരസ്‌പരം കൊമ്പുകോര്‍ത്തതോടെ യാത്രക്കാര്‍ ബസ്‌സ്റ്റാന്റില്‍ നിന്നും റോഡില്‍ നിന്നും ഓടിമാറി.
കൃത്യം ആറരയ്‌ക്കാരംഭിച്ച കാളപ്പോരു ഏഴേകാല്‍ മണിവരെ കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിറുത്തി. കാളപ്പോരു കാണാന്‍ അപൂര്‍വ്വമായിക്കിട്ടിയ അവസരം കാട്ടുതീപോലെ നാട്ടില്‍ പരന്നതോടെ ആളുകള്‍ അതു കാണാന്‍ ഓടിയെത്തുകയായിരുന്നു. ഇതിനിടയില്‍ ബസ്‌ സ്റ്റാന്റ്‌ പരിസരത്താരംഭിച്ച കാളപ്പോര്‌ പൊലീസ്‌ സ്റ്റേഷന്‍ വരെയുള്ള റോഡില്‍ നിറഞ്ഞാടുകയായിരുന്നു. വിവരമറിഞ്ഞു പൊലീസ്‌ ലാത്തികളുമായി ഓടിയെത്തിയെങ്കിലും കാളകളുടെ ശൗര്യം കണ്ട്‌ ആള്‍ക്കൂട്ടത്തിനു പിന്നിലേക്കു മാറി നിന്നു. കാളകളുടെ ശരീരത്തേക്കു വെള്ളം ചീറ്റിയാല്‍ അവ പിന്മാറിയേക്കുമെന്ന്‌ ആരോ പറഞ്ഞതു കേട്ട്‌ നാട്ടുകാര്‍ വെള്ളം കൊണ്ടുവന്നു കാളകളിലേക്കു ചീറ്റിയതോടെ അവയ്‌ക്കു വാശി വര്‍ധിച്ചു. ഇതിനിടയില്‍ ആള്‍ക്കൂട്ടവും കന്നുകാലികളും മൂലം റോഡ്‌ ഗതാഗതം മുക്കാല്‍ മണിക്കൂര്‍ തടസ്സപ്പെട്ടു. രാത്രിയായതിനാല്‍ സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ വിഷമിച്ചു. ഒടുവില്‍ ക്ഷീണിച്ച കാളകള്‍ സ്വയം പിന്മാറിയതോടെ റോഡിന്റെ നിയന്ത്രണം പൊലീസ്‌ ഏറ്റെടുത്തു. ഇതോടെ യാത്രക്കാര്‍ക്ക്‌ ആശ്വാസമാവുകയുമായിരുന്നു.
ഒരാഴ്‌ച മുമ്പു ബദിയഡുക്ക സര്‍ക്കിളിലും കാളപ്പോരുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
കന്നുകാലികളോടും നായ്‌ക്കളോടുമൊക്കെ പഞ്ചായത്ത്‌ പ്രകടിപ്പിക്കുന്ന തുല്യ നീതിയില്‍ ജനങ്ങള്‍ സന്തുഷ്‌ടരാണെങ്കിലും അവ യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും ഭീഷണിയും പ്രതിഷേധത്തിനിടയാക്കുന്നു.

No comments