JHL

JHL

കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് നിരോധിത പുകയിലയുല്പന്നങ്ങൾ കടത്തുന്നത് വ്യാപകമാകുന്നു; ബസ്സിൽ കടത്തുകയായിരുന്ന അഞ്ഞൂറ് കിലോ പാൻ മസാല പിടികൂടി

മഞ്ചേശ്വരം(True News 21 November 2019): ടൂറിസ്റ്റ്‌ ബസ്സില്‍ കടത്തിയ അഞ്ഞൂറ്‌ കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍. ഇന്നലെ രാത്രി 9 മണിയോടെ വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ്‌ സംഘമാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌. മലപ്പുറം തിരൂരങ്ങാടി സ്വദേശി സെയ്‌ത്‌ അലവി (48)യെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മംഗ്‌ളൂരുവില്‍ നിന്നും എറണാകുളത്തേക്ക്‌ പോവുകയായിരുന്ന ടൂറിസ്റ്റ്‌ ബസ്സിലാണ്‌ പരിശോധന നടന്നത്‌. ഏഴ്‌ ബാഗുകളിലായി സൂക്ഷിച്ചു വെച്ച നിലയിലാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നത്‌. രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ എക്‌സൈസ്‌ പരിശോധ നടത്തിയത്‌. എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സച്ചിദാനന്ദ, ഇന്‍സ്‌പെക്‌ടര്‍ മുരളീധരന്‍, പ്രിവന്റീവ്‌ ഓഫീസര്‍ വി കെ ബിജോയ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌. ടൂറിസ്റ്റ്‌ ബസ്സുകളും കെ എസ്‌ ആര്‍ ടി സി ബസ്സുകളും കേന്ദ്രീകരിച്ച്‌ മംഗ്‌ളൂരുവില്‍ നിന്നും കേരളത്തിലേക്ക്‌ വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ്‌ കടത്തുന്നത്‌. വാമഞ്ചൂര്‍ ചെക്ക്‌ പോസ്റ്റില്‍ വെച്ച്‌ അടുത്തകാലത്തായി ഇത്തരത്തിലുള്ള നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.രണ്ടു ദിവസം മുമ്പാണ്‌ മറ്റൊരു ടൂറിസ്റ്റ്‌ ബസ്സില്‍ കടത്തുകയായിരുന്ന മൂന്നര ക്വിന്റല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌. എന്നാല്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.


No comments