JHL

JHL

പാമ്പുകടിയേറ്റ് വിദ്യാർഥിനി സ്ക്കൂളില്‍ മരണപ്പെട്ട സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സുൽത്താൻ ബത്തേരി(22 November 2019):
വയനാട് പുത്തൻകുന്ന് സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി,വിദ്യാഭ്യാസ ഉപ ഡയറക്ടർ എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

ലോക് താന്ത്രിക് യുവ ജനതാദൾ വയനാട് ജില്ലാ പ്രസിഡന്റ് യു.എ അജ്മൽ സാജിദ്, മനുഷ്യാവകാശ പ്രവർത്തകനായ വീരേന്ദ്രകുമാർ എന്നിവർ സമർപ്പിച്ച പരാതികളിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നടപടി എടുത്തത്. കുട്ടിയുടെ മരണത്തിന് ഉത്തരവാദി സ്കൂൾ അധികൃതരാണെന്ന് പരാതിക്കാർ ആരോപിച്ചു. സ്കൂൾ ഇഴ ജന്തുക്കളുടെ സുരക്ഷിത താവളമാണ്. ഇതിനെതിരെ കുട്ടികൾ പരാതിപ്പെട്ടിട്ടും അധ്യാപകർ നടപടിയെടുത്തില്ലെന്ന് പരാതിക്കാർ ആരോപിച്ചു.

ഷഹല ഷെറിൻ എന്ന വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സാഹചര്യത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നിയമ നടപടിയാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ത് പ്രഖ്യാപിച്ചു.

No comments