JHL

JHL

മാന്യ ക്രിക്കറ്റ് സ്റ്റേഡിയം: കയ്യേറിയ പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

ബദിയടുക്ക (Truer News 27 November 2019): കേരള ക്രിക്കറ്റ് അസോസിയേഷൻ മാന്യ മുണ്ടോട്ട് നിർമിച്ച സ്റ്റേഡിയത്തിനായി കയ്യേറിയ പുറമ്പോക്ക് ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു. സ്റ്റേഡിയത്തിലേക്ക് കടക്കുന്ന വഴി ഉൾപ്പെടുന്ന 1.09 ഏക്കർ സ്ഥലത്താണ് സർക്കാർ ഭൂമി ആണെന്ന് വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിച്ചത്.  കയ്യേറ്റ ഭൂമി ഏറ്റെടുത്ത് കലക്ടർ ഡി.സജിത്ത് ബാബു നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇവിടെയാണ് ബേള വില്ലേജ് ഓഫിസർ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബോർഡ് സ്ഥാപിച്ചത്.  തോട് കയ്യേറിയ 32 സെന്റ് സ്ഥലം തുടർ നടപടികൾക്കായി ബദിയടുക്ക പഞ്ചായത്തിനും കൈമാറി. സ്റ്റേഡിയത്തിനു വേണ്ടി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.   കയ്യേറ്റ സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമായതിനു ശേഷം മാത്രമേ ഇനി ഇവിടെ മത്സരങ്ങൾ നടത്താൻ കഴിയുകയുള്ളൂ.  കഴിഞ്ഞ 14 മുതൽ 21 വരെ ഇവിടെ നടന്ന ഉത്തരമേഖല അണ്ടർ–19 ചാംപ്യൻഷിപ്പിന്റെ സിലക്ഷൻ ട്രയലിനു റവന്യുവകുപ്പ് 54, 500 രൂപ പിഴ ഈടാക്കിയിരുന്നു. മത്സരം നിർത്തിവെക്കാൻ‌ വില്ലേജ് ഓഫിസർ ആവശ്യപ്പെട്ടെങ്കിലും കലക്ടറുമായി ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയിൽ പിഴ അടച്ച് മത്സരങ്ങൾ നടത്താൻ തീരുമാനിക്കുകയായിരുന്നു.  എങ്ങുമെത്താതെ നടപടി  കയ്യേറ്റത്തിന് ഒത്താശ ചെയ്ത റവന്യു–പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കലക്ടർ നിർദേശിച്ചിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. കയ്യേറ്റം നടന്ന സമയത്തെ വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.  വില്ലേജ് ഓഫിസർക്കെതിരെ നടപടിയെടുക്കാൻ എഡിഎമ്മിനോടും പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോടുമാണ് ആവശ്യപ്പെട്ടത്. എന്നാൽ ആരോപണ വിധേയവർ ഇപ്പോഴും കസേരകളിൽ സുരക്ഷിതരാണ്.  പാട്ടത്തിനു തരണമെന്ന് ക്രിക്കറ്റ് അസോസിയേഷൻ  കയ്യേറ്റമെന്ന് കണ്ടെത്തി സർക്കാർ ഏറ്റെടുത്ത സ്ഥലം പാട്ടത്തിനു നൽകണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചു. സർക്കാർ തീരുമാനിക്കുന്ന ഏതു വ്യവസ്ഥകളും അംഗീകരിക്കാമെന്നും ദീർഘകാലത്തേക്ക് പാട്ടത്തിനു നൽകണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ കഴിയില്ലെന്നും ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ കലക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ.

No comments