JHL

JHL

സെമിനാറില്‍ ആര്‍.എസ്.എസ് അനുഭാവികള്‍;പെരിയ കേന്ദ്രസര്‍വകലാശാലയില്‍ ടി.ജി മോഹന്‍ദാസിനെ കെ.എസ്‌.യു പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു



പെരിയ(True News 27 November 2019): കേന്ദ്രസര്‍വകലാശാലയില്‍ കാവിവല്‍ക്കരണം നടപ്പാക്കുന്നുവെന്നരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഭരണഘടനയുടെ എഴുപതാം വാര്‍ഷിക ദിനത്തില്‍ പെരിയ കേന്ദ്രസര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ ആര്‍.എസ്.എസ് അനുഭാവികളെ മാത്രം പങ്കെടുപ്പിച്ചതാണ് കെ.എസ്.യു പ്രതിഷേധത്തിന് കാരണം. ചൊവ്വാഴ്ച രാവിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടി.ജി മോഹന്‍ദാസിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം റോഡില്‍ വാഹനത്തില്‍ തടഞ്ഞ് വെച്ചു. സെമിനാര്‍ ആര്‍.എസ്.എസിന്റെ അജണ്ട നടപ്പാക്കുന്നതിനുവേണ്ടിയാണെന്ന് കെ.എസ്.യു കുറ്റപ്പെടുത്തി. സെമിനാറിനെതിരെ വിദ്യാര്‍ത്ഥികള്‍ നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും സര്‍വകലാശാല അധികാരികള്‍ ഇതെല്ലാം അവഗണിക്കുകയായിരുന്നുവെന്ന് കെ.എസ്.യു കുറ്റപ്പെടുത്തി. പ്രതിഷേധം തുടര്‍ന്ന കെ.എസ്.യു നേതാക്കളായ നോയല്‍ ടോമിന്‍ ജോസഫ്, ശ്രീജിത്ത് കോടോത്ത്, റഷിദ് എം.എ, ശ്രീനാഥ് കമല്‍, ഋഷി സുനില്‍, ഋത്വിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ ഭരണഘടനാ വാര്‍ഷിക ദിനത്തില്‍ ഭരണഘടനയെക്കുറിച്ച് പ്രസംഗിക്കുന്നത് പരിഹാസ്യമാണെന്നും സര്‍വകലാശാലയെ കാവിവല്‍ക്കരിച്ച് ആര്‍.എസ്.എസ് കാര്യാലയമാക്കാന്‍ ശ്രമിക്കുകയാണെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ് ആരോപിച്ചു.

No comments