JHL

JHL

മെഡിക്കല്‍ കോളേജിന്റെ പണി പൂര്‍ത്തികരിക്കാതെ നീട്ടികൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ പ്രതിഷേധ കാമ്പയിന്‍


കാസര്‍കോട്(True News 16 November 2019): തറക്കല്ലിട്ട് ആറ് വര്‍ഷം പിന്നിട്ടിട്ടും മെഡിക്കല്‍ കോളേജിന്റെ പണി പൂര്‍ത്തികരിക്കാതെ നീട്ടികൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ 20 മുതല്‍ ഡിസംബര്‍ 14 വരെ പ്രതിഷേധ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മെഡിക്കല്‍ കോളേജിന് ബജറ്റില്‍ പണം മാറ്റിവെച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്ക് റീവൈഡ്സ്സ് എസ്റ്റിമേറ്റ് പ്രകാരം അധിക തുക മാത്രമാണ് ഈ സര്‍ക്കാര്‍ അനുവദിച്ചത്. അക്കാഡമിക്ക് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും ആസ്പത്രി കെട്ടിടത്തിന്റെ പണി ഇഴഞ്ഞു നീങ്ങുകയാണ്. സ്റ്റാഫ് ക്വാര്‍ട്ടേര്‍സ്, ഹോസ്റ്റല്‍, ലൈബ്രറി, മീറ്റിംഗ് ഹാള്‍, മാലിന്യ സംസ്‌കരണം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇത് വരെ ലഭിച്ചിട്ടില്ല. 135 കോടി രൂപയുടെ എസ്റ്റിമേറ്റ് നിര്‍മ്മാണ ഏജന്‍സിയായ കിറ്റ്കോ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ട് നിവേദനം നല്‍കിയിരുന്നു. ഈ ബജറ്റില്‍ അതിനാവശ്യമായ തുക മാറ്റിവെക്കണം. മെഡിക്കല്‍ കോളേജിലേക്കുള്ള റോഡിന്റെ പണി പാതിവഴിയിലാണ്. ചെര്‍ക്കള-കല്ലട്ക്ക റോഡിന്റെ പണി പൂര്‍ത്തീകരിക്കണം. ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട്, ബദിയടുക്ക, പെര്‍ള, സീതാംഗോളി, കുമ്പഡാജെ എന്നിവിടങ്ങളില്‍ പ്രതിഷേധ സംഗമങ്ങളും നടത്തും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, രക്ഷാധികാരി കെ. അഹമദ് ഷരീഫ്, ജനറല്‍ കണ്‍വീനര്‍ എ.കെ. ശ്യാമപ്രസാദ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എം.കെ. രാധാകൃഷ്ണന്‍, അബ്ദുല്‍ നാസിര്‍, പി.ജി. ചന്ദ്രാഹാസ റൈ, ഫാറൂഖ് കാസ്മി, ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു

No comments