JHL

JHL

ബംബ്രാണ എൽ പി സ്കൂളിൽ മൂർഖനടക്കമുള്ള വിഷപ്പാമ്പുകളുടെ വിളയാട്ടം;കണ്ണടച്ച് പ്രധാനാധ്യാപികയും പി ടി എ യും

ബംബ്രാണ(True News, Nov 23,2019) : ബംബ്രാണ എൽ പി സ്കൂളിൽ പാമ്പുകളുടെ വിളയാട്ടം. മൂർഖനടക്കമുള്ള വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമാണ് ബംബ്രാണ എൽ പി സ്കൂൾ. കഴിഞ്ഞ ദിവസം സ്‌കൂൾ സമയത്ത് ക്ലാസിൽ പാമ്പ് കയറിയ വിവരം നാട്ടുകാരാരോ പറഞ്ഞറിയിച്ചതിനെ തുടർന്ന് സമീപത്തുള്ള ഒരു പാമ്പുപിടുത്തക്കാരനെത്തി പാമ്പിനെ പിടികൂടി ചാക്കിനകത്താക്കി കൊണ്ടുപോകുകയായിരുന്നു. ഇതു കൂടാതെ മറ്റൊരു മൂർഖൻ പാമ്പും സ്കൂളിനകത്തും പുറത്തും സ്ഥിരമായി കാണാറുണ്ടെന്നു കുട്ടികൾ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് സ്കൂളിൽ നിന്നും പുറത്തേക്കു പോകുകയായിരുന്ന ഒരധ്യാപകൻ തലനാരിഴക്കാണ് വമ്പൻ ശംഖുവരയന്റെ കടിയിൽനിന്നും രക്ഷപ്പെട്ടത്. കുട്ടികൾ  മുന്നറിയിപ്പ് നൽകിയത് കൊണ്ട് മാത്രമാണ് കാലിന്നടുത്തുണ്ടായിരുന്ന പാമ്പിനെ ചവിട്ടാതെ രക്ഷപ്പെട്ടത്.
സ്കൂളും പരിസരവും കാട് പിടിച്ചു കിടക്കുകയാണ്.മൂത്രപ്പുരകളും മറ്റും ശോചനീയമായ നിലയിലാണ്.പി ടി എ യും മാറിമാറി വന്ന  ഹെഡ്മാസ്റ്റർമാരും  വേണ്ട നടപടികളെടുക്കാത്തതാണ് സ്കൂൾ ഈ ദുർഗതിയിലെത്താൻ കാരണമെന്ന്  രക്ഷിതാക്കൾ പറയുന്നു . ദീർഘ കാലമായി അധികൃതരുടെ പരിഗണ കിട്ടാതെ സ്കൂൾ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് .മലയാള വിഭാഗത്തിൽ  അധ്യാപകർ ജോയിൻ ചെയ്ത ഉടനെ സ്ഥലം മാറിപ്പോകുന്ന  അവസ്ഥയാണ്. നേരത്തെ  ദീർഘകാലം ഇതേ സ്കൂളിൽ ജോലി ചെയ്തിരുന്ന മുതിർന്ന അദ്ധ്യാപകൻ സമീപത്തെ വേറൊരു സ്കൂളിലേക്ക് സ്ഥലംഎം മാറിപ്പോയതിന് ശേഷം സ്കൂൾ തീർത്തും നാഥനില്ലാക്കളരിയാണ്. പ്രധാനാധ്യാപികയും മറ്റു അധ്യാപകരും തമ്മിൽ പലകാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടാകുന്നതും സ്കൂൾ വികസനത്തെ ബാധിക്കുന്നു. പ്രദേശത്തെ മറ്റു സ്കൂളുകളെല്ലാം പൊതു വിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി വികസിക്കുമ്പോൾ ബംബ്രാണ സ്കൂൾ നശിച്ചുകൊണ്ടു പോകുന്ന സാഹചര്യമാണുള്ളത്. ഈ പ്രദേശത്തെ കുട്ടികൾ പലരും  ഇപ്പോൾ ഉളുവാറിലെയും ആരിക്കടിയിലെയും സർക്കാർ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ  നേതാക്കളും പഞ്ചായത്ത് അധികൃതരും മറ്റു സാമൂഹിക പ്രവർത്തകരും ബംബ്രാണ സർക്കാർ എൽ പി സ്കൂളിന്റെ വികസനകാര്യത്തിൽ ഇപ്പോഴും  അലംഭാവം കാണിക്കുകയാണ്. 
കാസറഗോഡ് ജില്ലയിലെ പഴയ കാല വിദ്യാലയങ്ങളിൽ ഒന്നാണിത്. 1926ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലയാളം കന്നഡ എന്നിങ്ങനെ രണ്ടു മാധ്യമങ്ങളിലായിട്ടാണ് ക്ലാസുകൾ.  വിദ്യാർഥികൾ കുറഞ്ഞു വരികയായിരുന്ന സ്കൂളിൽ എന്നാൽ കഴിഞ്ഞ വർഷം സ്ഥിതി  അൽപം മെച്ചപ്പെട്ടിട്ടുണ്ട്. രണ്ടു മീഡിയത്തിലുമായി തൊണ്ണൂറോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വയനാട്
ജില്ലയിൽ ക്‌ളാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റു മരിക്കാനിടയായ സാഹചര്യത്തിൽ അധികാരികൾ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

No comments