JHL

JHL

സംസ്ഥാന കലോത്സവത്തെ വരവേറ്റ് ബേക്കൽ ബീച്ചിൽ കൂറ്റൻ മണൽ ശിൽപം തീർത്തും കൂറ്റൻ പട്ടം പറത്തിയും കലോത്സവത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കമായി.

കാഞ്ഞങ്ങാട്(True News 18 November 2019):  സംസ്ഥാന കലോത്സവത്തെ വരവേറ്റ് ബേക്കൽ ബീച്ചിൽ  കൂറ്റൻ മണൽ ശിൽപം തീർത്തും കൂറ്റൻ പട്ടം പറത്തിയും
കലോത്സവത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കമായി.
ആരവമുയർത്തി കലോത്സവ വാനിലേക്ക് മെഗാ പട്ടം പറന്നു. ഒപ്പം പറന്ന 60 പട്ടങ്ങൾക്ക് കീഴിൽ അറബിക്കടലിനെ സാക്ഷിയാക്കി കൂറ്റൻ മണൽ ശിൽപമൊരുങ്ങി. സംസ്ഥാന കലോത്സവത്തെ വരവേൽക്കാൻ പള്ളിക്കര ബീച്ചിൽ പ്രചാരണ കമ്മിറ്റി ഒരുക്കിയ വിവിധ പരിപാടികളാണ് നൂറു കണക്കിനാളുകളുടെ മനം കവർന്നത്.  കലോത്സവത്തിന്റെ വരവറിയിച്ച് 8 മെഗാ പട്ടങ്ങളും ചെറു പട്ടങ്ങളുമാണ് ബേക്കൽ കോട്ടയെ സാക്ഷി നിർത്തി കലോത്സവ സന്ദേശവുമായി പറന്നുയർന്നത്. പട്ടം വാനിൽ പറയുന്നയരുന്നത് വീക്ഷിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിനാളുകളാണ് എത്തിച്ചേർന്നത്.പട്ടം പറത്തലിലൂടെ കലോത്സവത്തിനു വൻ പ്രചാരണമാണ് ലഭിച്ചതെന്നും കലോത്സവ ചരിത്രത്തിന്റെ പുതിയ അധ്യായമാണിതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
30 മീറ്റർ നീളത്തിൽ വലിയ മുടിയുള്ള ഭഗവതി തെയ്യത്തിന്റെ ശിൽപമാണ് കലാകാരന്മാർ മണലിൽ തീർത്തത്. ലോക റെക്കോർഡ് 16 മീറ്ററാണെന്നും ഇതിനെ വെല്ലുന്നതാണ് കലോത്സവത്തിനായി ഒരുക്കിയ തെയ്യ ശിൽപമെന്നും സംഘാടകർ പറഞ്ഞു.  രവി പിലിക്കോട്, ശ്യാമ ശശി, ഇ.വി.അശോകൻ ഉൾപ്പെടെയുള്ള ജില്ലയിലെ 60 കലാകാരന്മാര്‍ ശിൽപ നിർമാണത്തിന് നേതൃത്വം നൽകി. തുടർന്നു പളളിക്കര ഗുരുവാദ്യ സംഘത്തിന്റെ ശിങ്കാരി മേളവും കേരള ഫോക്‍ലോർ അക്കാദമി വജ്ര ജൂബിലി പുരസ്കാരം നേടിയ കലാകാരന്മാരുടെ നാടൻ പാട്ടും അരങ്ങേറി.
 പബ്ലിസിറ്റി ചെയർമാൻ ഷാനവാസ് പാദൂർ അധ്യക്ഷത വഹിച്ചു. മണൽ ശിൽപം കെ.കുഞ്ഞിരാമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന നാടൻ കലാമേള കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു ഉദ്ഘാടനം ചെയ്തു.  പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര, ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ കെ.വി.പുഷ്പ, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, പബ്ലിസിറ്റി കൺവീനർ ജിജി തോമസ്, വൈസ് ചെയർമാന്മാരായ സുകുമാരൻ പൂച്ചക്കാട്, കേവീസ് ബാലകൃഷ്ണൻ, സി.എം.കുഞ്ഞബ്ദുല്ല, റോട്ടറി ക്ലബ് സെക്രട്ടറി എ.രാധാകൃഷ്ണൻ, സി.പി. ഫൈസൽ, സി.പി.സുബൈർ, പി.രതിഷ്, പ്രവീൺ കുമാർ, ഇ.പി.പ്രിൻസ് മോൻ, കെ.എസ്.മുഹാജിർ എന്നിവർ പ്രസംഗിച്ചു.

No comments