JHL

JHL

റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് കാസര്‍കോട്-തലപ്പാടി റൂട്ടിലും കാസര്‍കോട്-പെര്‍ള റൂട്ടിലും അനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു; പൊതുജനം വലഞ്ഞു


കാസര്‍കോട്(True News 25 November 2019): റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച്  കാസര്‍കോട്-തലപ്പാടി റൂട്ടിലും കാസര്‍കോട്-പെര്‍ള റൂട്ടിലും അനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. തിങ്കളാഴ്ച  രാവിലെ മുതലാണ് ഈ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് ആരംഭിച്ചത്. 

കാസര്‍കോട്-മംഗലാപുരം ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് കാസര്‍കോട്-തലപ്പാടി റൂട്ടിലെ സ്വകാര്യബസുകള്‍ പണിമുടക്കിയത്. കാസര്‍കോട്-കമ്പാര്‍, കുമ്പള, ബംബ്രാണ, ബന്തിയോട്, ധര്‍മ്മത്തടുക്ക, ഉപ്പള, ബായാര്‍, കന്യാല, ഹൊസങ്കടി, ആനക്കല്‍, മിയാപദവ് റൂട്ടുകളിലും ബസുകള്‍ മുടങ്ങി. മഴ നിന്നിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും വേണ്ട രീതിയിൽ അറ്റകുറ്റപ്പണി നടക്കുന്നില്ല. ശനിയാഴ്ച പണി ആരംഭിച്ചിരുന്നെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ചെയ്യുന്ന പണിക്ക് വേണ്ടത്രൻഗുണനിലവാരം ഇല്ലെന്ന് പറഞ്ഞ് നാട്ടുകാർക്ക് മുറുമുറുപ്പുണ്ട്. ഈ സാഹചര്യത്തിലാണ് ബസ് ഉടമകൾ സമരവുമായി മുന്നോട്ട് വന്നത്.


കാസര്‍കോട്-പെര്‍ള പാതയില്‍ 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് 39 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. ഒന്നാം ഘട്ടമെന്ന നിലയില്‍ മൂന്ന് കിലോമീറ്റര്‍ ടാറിംഗ് നടത്തിയിരുന്നു. എന്നാല്‍ 16 കിലോമീറ്റര്‍ ടാറിംഗ് നടത്താതെ ഉപേക്ഷിച്ച നിലയിലാണുള്ളത്.
ഈ ഭാഗം കുഴികള്‍ നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റോഡിന്റെ അറ്റകുറ്റ പണി നടത്തണമെന്നാവശ്യപ്പെട്ട് ബസ് ഓണേര്‍ഴ്‌സ് അസോസിയേഷനും തൊഴിലാളികളും സംയുക്തമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
പണിമുടക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. സ്‌കൂളുകളിൽ ഹാജർ നില നന്നേ കുറവായതിനാൽ സ്‌കൂളുകൾ നേരത്തെ വിട്ടു. ബസ് സമരം നീണ്ടു പോയാൽ ഈ ഭാഗത്തുള്ള വിദ്യാർത്ഥികളെയായിരിക്കും ഇത് കൂടുതൽ ബാധിക്കുക. 
കാസറഗോഡ് തലപ്പാടി പാതയിൽ യാത്ര ദുസ്സഹമായിരിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയാ കൂട്ടായ്മയായ എൻ.എച്ച് ആക്ഷൻ കമ്മിറ്റി വിഷയത്തിൽ സമരത്തിലാണ്.

 

No comments