JHL

JHL

കലാ മാമാങ്കത്തിന് ഇനി മൂന്ന് നാൾ ; സ്വർണ്ണക്കപ്പിന് വൻ വരവേൽപ്പ്


കാഞ്ഞങ്ങാട്(True News 26 November 2019): സംസ്ഥാന സ്കൂൾ കലോത്സവ ചാമ്പ്യൻമാർക്ക് സമ്മാനിക്കാനുള്ള 117 പവൻ സ്വർണക്കപ്പ് തിങ്കളാഴ്ച രാവിലെ 10 ന് കണ്ണൂർ-കാസർകോട് ജില്ലകൾ അതിരിടുന്ന കാലിക്കടവിലെത്തിയപ്പോൾ അസാധാരണ ജനസഞ്ചയമാണ് തടിച്ചുകൂടിയത്. കാഞ്ഞങ്ങാട്ട് കപ്പെത്തുംവരെ ഏറിയും കുറഞ്ഞും അലകടൽപോലെ നാട്ടുകാരും വിദ്യാർഥികളും ഒഴുകിയെത്തി. സംഘാടകസമതി ചെയർമാൻ കൂടിയായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പുതിയകോട്ടയിൽ കപ്പ് ഏറ്റുവാങ്ങി.

കാലിക്കടവിൽ ആയിരങ്ങളെ സാക്ഷിയാക്കി എം.രാജഗോപാലൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.വി.പുഷ്പ, ട്രോഫിക്കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന് വിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ എം.കെ.ഷൈൻമോനിൽനിന്ന്‌ ഏറ്റുവാങ്ങി. കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യൻമാരായ കോഴിക്കോട്ടുനിന്നാണ് പ്രയാണം തുടങ്ങിയത്.
കാലിക്കടവിൽ അറുപതാമത് കേരള സ്കൂൾ കലോത്സവത്തെ അനുസ്മരിച്ച് 60 വീതം മുത്തുക്കുടകൾ, സ്റ്റുഡന്റ് പോലീസ്, ജേസീസ്, സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എൻ.എസ്.എസ്. വൊളന്റീയർമാർ അണിരന്ന ഘോഷയാത്രയോടെ പിലിക്കോട് ഗവ. ഹയർസക്കൻഡറി സ്കളിൽ വരവേറ്റു. തൃക്കരിപ്പൂർ സെയ്‌ന്റ് പോൾസ് സ്കൂൾ കുട്ടികളുടെ ബാൻഡ് മേളം മുന്നിലായി താളമിട്ടു. ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ അണിനിരന്ന ഘോഷയാത്ര കാലിക്കടവിന്റെ രാജവീഥികളെ അക്ഷരാർഥത്തിൽ പുളകമണിയിച്ചു.
പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തങ്കയം എൽ.പി. സ്കൂൾ വിദ്യാർഥികൾ സ്വർണക്കപ്പിൽ പുഷ്പവർഷം നടത്തി. രണ്ടാമത്തെ സ്വീകരണകേന്ദ്രമായ ചെറുവത്തൂർ കൊവ്വൽ എ.യു.പി. സ്കൂളിലേക്ക് രാജോചിത വരവേൽപ്പായിരുന്നു. ചെറുവത്തൂർ ടൗൺ വലംവെച്ച് നീങ്ങിയ ഘോഷയാത്രയുടെ മുൻനിരയിൽ കുട്ടമത്ത് ഹയർസെക്കൻഡറി സ്കൂൾ മദർ പി.ടി.എ.യുടെ നേതൃത്വത്തിൽ ഇരുചക്രവാഹനങ്ങൾ അകമ്പടി സേവിച്ചു. സ്വീകരണയോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു.
നീലേശ്വരത്ത് കരുവാച്ചേരി കാർഷിക ഗവേഷണകേന്ദ്ര പരിസരത്തു നിന്ന്‌ നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ, വൈസ് ചെയർപേഴ്‌സൺ വി.ഗൗരി, പി.പി.മുഹമ്മദ് റാഫി, പി.എം.സന്ധ്യ, എറുവാട്ട് മോഹനൻ, പി.രാധ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഘോഷയാത്രയ്ക്ക് മുൻപിലായി അണിനിരന്ന ദഫ്മുട്ട് ശ്രദ്ധേയമായി. ഘോഷയാത്രയിൽ അണിനിരന്ന മുത്തുക്കുടകളും സ്വീകരിക്കാനെത്തിയ മുത്തുക്കുടകളും മുഖമുഖാമെത്തിയപ്പോൾ കുടമാറ്റത്തിന്റെ പ്രതീതി ജനിപ്പിച്ചു


No comments