JHL

JHL

15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരെഞ്ഞുടുപ്പ് അവസാനിച്ചു;വോട്ടെണ്ണൽ ഒൻപതിന് ഫലം കർണാടക സർക്കാരിന്റെ ഭാവി തീരുമാനിക്കും

ബെംഗളൂരു:(True News, Dec 6, 2019): കർണാടകയിൽ യെദിയൂരപ്പ സർക്കാരിന്റെ ഭാവി തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പ് സമാപിച്ചു. ഒൻപതാം തീയതി വോട്ടെണ്ണുമ്പോൾ യെദിയൂരപ്പ സർക്കാർ തുടരുമോ എന്ന കാര്യത്തിൽ തീരുമാനമാകും. കോൺഗ്രസ് ജെഡിഎസ് കക്ഷികളിലെ വിമതർ കാലു മാറി ബിജെപി പക്ഷത്തേക്ക് പോയതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

62.18 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. രാത്രി ആറുമണിക്ക് ശേഷവും ചില ബൂത്തകളില്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്താന്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു.അവസാനം പുറത്തുവന്ന കണക്കുകള്‍ പ്രകാരം എട്ട് ഗ്രാമീണ മേഖലകളില്‍ 75 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. അതേസമയം ബെംഗളൂരുവില്‍ 50 ശതമാനം പോളിങ് മാത്രമാണ് ഉണ്ടായത്. ബെംഗളൂരുവിനടുത്തുള്ള ചിക്കബല്ലാപൂരിലാണ് റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയത്. 86.40 ശതമാനം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ കെ.സുധാകറാണ് ഇവിടെ മത്സരിക്കുന്നതില്‍ പ്രധാനി. സ്പീക്കര്‍ അയോഗ്യരാക്കിയ 17 എംഎല്‍എമാരി ഒരാളാണ് സുധാകര്‍. മാണ്ഡ്യയിലെ കെ.ആര്‍. പേട്ടെയില്‍ 80 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇവിടെ ജെഡിഎസില്‍ നിന്ന് ബിജെപിയിലെത്തിയ കെ.സി. നാരായണ ഗൗഡയാണ് ജനവിധി തേടുന്നതില്‍ പ്രധാനി. ഹൊസെകോട്ടെ-76.19%, യെല്ലാപുര്‍-77.52%, അത്താനി-75.23%, ഹുണസൂരു-74.47%, ഗോകക്- 73.08%, ഹിരെകെരൂര്‍-72.42% തുടങ്ങിയവയാണ് കൂടിയ പോളിങ് രേഖപ്പെടുത്തിയ മറ്റ് മണ്ഡലങ്ങള്‍. അതേസമയം കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ബെംഗളൂരുവിലെ നാല് മണ്ഡലങ്ങളിലും വോട്ടിങ് കുറവാണു ബിജെപിയും കോണ്‍ഗ്രസും 15 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി. ജെഡിഎസ് 12 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. ഡിസംബര്‍ ഒമ്പതിനാണ് വോട്ടെണ്ണൽ.ഉപതിരഞ്ഞെടുപ്പ് ഫലം നിലവിലെ ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം. ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നിയമസഭയുടെ അംഗബലം 223 ആയി ഉയരും. ബിജെപിക്ക് നിലവില്‍ 105 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് ഏഴുപേരുടെ പിന്തുണകൂടി യെദിയൂരപ്പ സര്‍ക്കാരിന് വേണ്ടിവരും.

No comments