JHL

JHL

കൗമാര കലോത്സവത്തിന് തിരശ്ശീല വീണു; ഇഞ്ചോടിഞ്ച് പൊരുതി സ്വര്‍ണക്കപ്പ് പാലക്കാട് ജില്ല സ്വന്തമാക്കി

കാഞ്ഞങ്ങാട്(True News, Dec01,2019): കൗമാര കലോത്സവത്തിന് കാസര്‍കോട് തിരശ്ശീല വീണു. ഇഞ്ചോടിഞ്ച് പൊരുതി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പാലക്കാട് ജില്ല സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് കിരീടം നേടുന്നത്. 951 പോയിന്റോടെയാണ് പാലക്കാട് സ്വര്‍ണക്കപ്പ് നേടിയത്. തൊട്ടു പിന്നിൽ രണ്ടു പോയിന്റ് വ്യത്യാസത്തിൽ (949) കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റോടെ തൃശ്ശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ആലത്തൂർ ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂൾ നേടിയ 170 പോയിന്റിന്റെ പിൻബലത്തിലാണ് പാലക്കാട് സ്വർണക്കപ്പ് നിലനിർത്തിയത്. സ്കൂളുകളിൽ ഒന്നാമതെത്തിയതും ഗുരുകുലം ഹയർ സെക്കൻഡറിയാണ്. കലോത്സവത്തില്‍ ഉടനീളം കണ്ടപോലെ ജനസമുദ്രത്തെ സാക്ഷി നിര്‍ത്തിയാണ് സമാപന സമ്മേളനവും നടന്നത്. മുഖ്യവേദിയായ പി കുഞ്ഞിരാമന്‍ നഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി രവീന്ദ്രനാഥ്, മന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സിനിമ താരങ്ങളായ രമേഷ് പിശാരടി, ബിന്ദുജ മേനോന്‍ തുടങ്ങിയവര്‍ പങ്കാളികളായി. വിദ്യാഭ്യാസ മന്ത്രി പി രവീന്ദ്രനാഥ് സ്വര്‍ണക്കപ്പ് കൈമാറി. അടുത്ത കലോത്സവം കൊല്ലത്ത് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

മൽസരങ്ങൾ ആദ്യ ദിനം പിന്നിട്ട് പോരാട്ടം ശക്തമായപ്പോൾ മുതൽ കോഴിക്കോടും പാലക്കാടും കണ്ണൂരും മാറി മാറി മുന്നിട്ടു നിൽക്കുന്നതായിരുന്നു കാഴ്ച. ആതിഥേയരായ കാസർകോട് റാങ്ക് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.കപ്പ് ആർക്കായാലും 28 വർഷങ്ങൾക്കു ശേഷം കലോൽസവത്തിന് ആതിഥ്യം നൽകാനായതിന്റെ സന്തോഷത്തിലാണ് കാസർകോട്. ചെറിയ സൗകര്യങ്ങളുടെ പരിധിയിലും വലിയ മനസ്സുകൊണ്ട് ആതിഥ്യമരുളിയ നാട്ടുകാരാണ് ഈ കലോൽസവത്തിലെ യഥാർത്ഥ ജേതാക്കൾ.

No comments