JHL

JHL

ഒഴിപ്പിക്കപ്പെട്ട വഴിയോര കച്ചവടക്കാർക്ക് ബസ് സ്റ്റാൻഡിൽ പുനരധിവാസ കേന്ദ്രം ; ബസുടമകൾ നിർമ്മാണം തടഞ്ഞു

കാസർകോട്(True News 6 March 2020): എംജി റോഡിൽ നിന്ന് ഒഴിപ്പിക്കുന്ന വഴിയോര വ്യാപാരികൾക്കായി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നത് ബസ് ഉടമസ്ഥ സംഘം തടഞ്ഞു. കേന്ദ്രസർക്കാർ സഹായത്തോടെ നഗരസഭ 3 വർഷം മുൻപ് തുടക്കം കുറിച്ചതാണ് പദ്ധതി. 37 ലക്ഷം രൂപ ചെലവിൽ 64 വ്യാപാരികളെ ഉൾക്കൊള്ളിക്കും വിധമാണ് പുനരധിവാസ സൗകര്യം.
ഇതിന്റെ നിർമാണത്തിനുള്ള സ്ഥലം അടയാളപ്പെടുത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബസ് ഉടമസ്ഥ സംഘം എതിർപ്പുമായി രംഗത്തു വന്നത്. ബസ് സ്റ്റാൻഡ് യാർഡിൽ കേന്ദ്രം സ്ഥാപിക്കുന്നത് ബസുകൾക്കു പാ‍ർക്ക് ചെയ്യുന്നതിനുൾപ്പെടെ തടസ്സം ഉണ്ടാക്കുമെന്നാണ് ബസ് ഉടമസ്ഥ സംഘം ഭാരവാഹികൾ പറയുന്നത്. 
 ബസ് സ്റ്റാൻഡ് പരിസരത്തല്ലാതെ മറ്റു ഇടങ്ങളിൽ പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നത് തങ്ങൾക്കു ഗുണം ചെയ്യില്ലെന്നാണ് വഴിയോര വ്യാപാരികൾ പറയുന്നത്. അതിനിടെ പദ്ധതിക്കു നിർദേശിച്ച സ്ഥലം നഗരത്തിന്റെ വിശദമായ മാസ്റ്റർ പ്ലാനിൽ ബസ് സ്റ്റാൻഡിനു നീക്കി വച്ച സ്ഥലമാണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് വഴിയോര പുനരധിവാസ കേന്ദ്രം ഇവിടെ നിർമിക്കുന്നതിനു തടസ്സമായേക്കുമെന്ന് സൂചന ഉയർന്നു.  പുനരധിവാസ കേന്ദ്രം നിർമാണം സംബന്ധിച്ചു കലക്ടർക്കു ലഭിച്ച പരാതിയി‍ൽ ടൗൺ പ്ലാനിങ് വിഭാഗം നഗരസഭയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് നഗരസഭയുടെ നിർമാണ പ്രവർത്തനങ്ങ‍ൾ ഉപേക്ഷിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ്, സി.എ.മുഹമ്മദ്കുഞ്ഞി, ശങ്കര നായക്, എം.എ.അബ്ദുല്ല, സത്യജിത്, ബാലൻ, എൻ.എം.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.  പ്രതിസന്ധി, പരിഹാരം..  പദ്ധതി ഈ മാസം തന്നെ തുടങ്ങാനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്.31നകം പണി തുടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷം പദ്ധതിയിൽ പണം അനുവദിക്കുമോയെന്ന് ആശങ്കയുമുണ്ട്. എംജി റോഡ് സൗന്ദര്യവൽക്കരണത്തിനും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുമാണ് വഴിയോര വ്യാപാരികളെ ഒഴിപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്.  പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് 6–7 മീറ്റർ വീതിയിലും 20 മീറ്റർ നീളത്തിലുമായി ഒരൊറ്റ ഷെൽട്ടറിനകത്താണ് കേന്ദ്രം സ്ഥാപിക്കുന്നത്. 2000 ചതുരശ്ര അടി വിസ്തീർണം ഉണ്ടാകും. 2 ശുചിമുറികൾ ഉൾപ്പെടെ ഇതിലുണ്ട്. വഴിയോര വ്യാപാരികളിൽ നിന്നു പുനരധിവാസത്തിനായി ലഭിച്ചത് 200 അപേക്ഷകളാണ്. ഇതിൽ 98 പേരെയാണ് പുനരധിവാസ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.


No comments