JHL

JHL

കോവിഡ് പരിശോധന തടഞ്ഞെന്ന് വ്യാജ പ്രചരണം നടത്തി മത്സ്യത്തൊഴിലാളികൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണം - മുസ്ലിം ലീഗ്

കുമ്പള(True News 5 May 2020): പെർവാട് കടപ്പുറം ആരോഗ്യ ഉപകേന്ദ്രത്തിൽ കോവിഡ് സ്രവ പരിശോധന നടത്തുമ്പോൾ ആരോഗ്യ പ്രവർത്തകരെ നാട്ടുകാർ തടഞ്ഞുവെന്ന് പ്രചരണം  നടത്തി പാവപ്പെട്ട മത്സ്യതൊഴിലാളികൾക്കെതിരെ കള്ളക്കേസെടുത്ത നടപടി പ്രതിഷേധാർഹമാണെന്ന്  മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് നേതൃയോഗം അഭിപ്രായപ്പെട്ടു.
യാതൊരു മുന്നൊരുക്കമില്ലാതെയും  ഗ്രാമ പഞ്ചായത്തിനെ അറിയിക്കാതെയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പുറമെ നിന്നും നിരവധി ആംബുലൻസുകളിൽ ആളുകളെ കൊണ്ട് വന്ന്  കോവിഡ് പരിശോധന നടത്തുമ്പോൾ നാട്ടുകാർക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് ആരോഗ്യ പ്രവർത്തകരെ അറിയിച്ചപ്പോൾ അവരെ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം കുമ്പളയിലേക്ക് നുഴഞ്ഞു കയറി വന്ന ഒരു ദന്തഡോക്ടർ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തതാണ്  വാക്ക് തർക്കത്തിൽ കലാശിച്ചത്.ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത തീരദേശ പ്രദേശത്ത്
രാഷ്ട്രീയ ഭേദമില്ലാതെ നാട്ടുകാർ ഒന്നിച്ചാണ്  അധികൃതരെ ആശങ്ക അറിയിച്ചത്. എന്നാൽ മുസ്ലിം ലീഗ് പ്രവർത്തകരായ  മത്സ്യതൊഴിലാളികളെ മാത്രം തിരഞ്ഞുപിടിച്ച് കേസിൽ ഉൾപ്പെടുത്തിയത് നീതീകരിക്കാനാവില്ല. വിദ്യാസമ്പന്നനായ ഒരു ഡോക്ടറുടെ ഭാഗത്തു നിന്നും ഇത്തരം നീച പ്രവർത്തനം ഉണ്ടായത് ഖേദകരമാണെന്നും മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു.
സംഭവത്തിനുത്തരവാദിയായ ഡോക്ടർക്കെതിരെ പരാതി നൽകാനുള്ള ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനം സ്വാഗതാർഹമാണെന്നും യോഗം കൂട്ടിച്ചേർത്തു.
ഓൺലൈൻ നേതൃയോഗത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ  സെക്രട്ടറി അഷ്റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു .ജില്ലാ സെക്രട്ടറി വി പി അബ്ദുൽ കാദർ, മണ്ഡലം ജന. സെക്രട്ടറി എം അബ്ബാസ് , ട്രഷറർ അശ്റഫ് കാർള, സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് ഭാരവാഹികളായ ടി എം ശുഹൈബ്, ബി എൻ മുഹമ്മദലി, ഇബ്റാഹിം ബത്തേരി , എം പി മുഹമ്മദ്, കെ വി യൂസഫ് ,അഹ്മദ് കുഞ്ഞി ഗുദ്ര്, സയ്യിദ് ഹാദി തങ്ങൾ ചർച്ചയിൽ പങ്കെടുത്തു.

No comments