JHL

JHL

പെർവാഡ് ഉപതെരെഞ്ഞെടുപ്പ് 21ന്; തീപാറും പോരാട്ടത്തിന് കളമൊരുങ്ങുന്നു

കുമ്പള: ബിഎംഎസ് പ്രവർത്തകൻ വിനുവിനെ  കൊന്ന കേസിൽ ശിക്ഷ ലഭിച്ച സിപിഎം പഞ്ചായത്ത് അംഗവും വികസനസമിതി അധ്യക്ഷനുമായിരുന്ന കൊഗ്ഗു രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് തീപാറും പോരാട്ടത്തിന് കളമൊരുങ്ങുന്നു. 

കുമ്പള ഗ്രാമ പഞ്ചായത്തിലെ സിപിഎം- ബിജെപി ബന്ധം സംസ്ഥാനതലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ബിജെപിയുടെ ഒരു വിഭാഗം ഉയർത്തിയ വലിയ പ്രതിഷേധമാണ് ഒടുവിൽ കൊഗ്ഗുവിന്റെ വികസനസമിതി അധ്യക്ഷസ്ഥാനം നഷ്ടപ്പെടാൻ കാരണമായത്. പാർട്ടി നിർദേശത്തെ തുടർന്ന് ബിജെപി അംഗങ്ങൾ സിപിഎം അംഗത്തിന്റെ പിന്തുണയോടെ  ലഭിച്ച സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ രാജി വെച്ചതോടെയാണ് കൊഗ്ഗുവിന് പദവി നഷ്ടപെട്ടത്.

യുഡിഎഫ് ഭരിക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്തിൽ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ബിജെപിയും, സിപിഎമ്മും പങ്കിട്ടെടുക്കുകയായിരുന്നു. ഈ നീക്കമാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ബിജെപിയുടെ പിന്തുണ സ്വീകരിക്കുന്നതിനെതിരെ കുമ്പളയിൽ സിപിഎമ്മിനകത്തും  പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. സഖാവ് ഭാസ്കര കുമ്പളയുടെ ഘാതകരോടൊപ്പം  സ്ഥാനങ്ങൾ പങ്കിടുന്നതിനെ ചൊല്ലിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്കിടയിൽ പ്രതിഷേധമുണ്ടായത്. എന്നാൽ ഇത് പ്രാദേശിക നേതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു. ബിജെപി -സിപിഐഎം ബന്ധം തകർന്നതോടെ  സ്ഥിരം സമിതി അധ്യക്ഷ പദവികൾ യുഡിഎഫിന് ലഭിക്കുകയും ചെയ്തു.

 കഴിഞ്ഞ പ്രാവശ്യം മുസ്‌ലിംലീഗിനകത്തെ പടലപ്പിണക്കമാണ് പെർവാഡ് യുഡിഎഫ് തോൽവിക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുപ്രവർത്തകനായ അശ്റഫ് പെർവാഡായിരുന്നു സ്ഥാനാർഥി. യുഡിഎഫ് പ്രവർത്തകർ വിജയം പ്രതീക്ഷിച്ചിരുന്ന വാർഡിൽ സിപിഎമ്മിലെ കൊഗ്ഗുവിനോട് ലീഗ് സ്ഥാനാർത്ഥി 108 വോട്ടുകൾക്ക്  പരാജയപ്പെടുകയായിരുന്നു. ബിജെപിക്ക് 173 വോട്ടുകളാണ് ഇവിടെ ലഭിച്ചത്. അതേസമയം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ലീഗ് സ്ഥാനാർഥികൾക്ക് എൽഡിഎഫ്നേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുകയും ചെയ്തിതിരുന്നു.  അഷ്റഫിനെ തോൽപ്പിക്കാൻ ലീഗിനകത്ത് തന്നെ ചരടുവലികൾ നടന്നുവെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് അഷ്റഫ് ജില്ലാ നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം കുമ്പളയിൽ  സിപിഎമ്മും -ബിജെപിയും തമ്മിൽ ഉണ്ടാക്കിയ ധാരണ തന്നെയായിരിക്കും ഉപതെരഞ്ഞെടുപ്പിൽ  യുഡിഎഫ് പ്രചരണ വിഷയമാക്കുക. ഇതിനെ മറികടക്കാൻ കരുത്തുറ്റ സ്ഥാനാർത്ഥിയെ തിരയുകയാണ് സിപിഎം പ്രാദേശിക നേതൃത്വം. കൊഗ്ഗുവിന്റെ ജയിൽശിക്ഷയും മറ്റും തെരഞ്ഞെടുപ്പ് വിഷയമാകും എന്നിരിക്കെ കരുത്തനായ സ്ഥാനാർത്ഥി  വേണം എന്ന നിലപാടിലാണ് സിപിഎം. ഒരു വിരമിച്ച അധ്യാപകനെ കളത്തിലിറക്കാനാണ് പാർട്ടി ആലോചിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ജൂലൈ രണ്ടാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അവസാന നിമിഷം മാത്രമേ യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയുള്ളൂ എന്നാണ് ലീഗ് നൽകുന്ന സൂചന.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  173 വോട്ടുകൾ മാത്രമാണ് ബി ജെ പി ക്ക് നേടാനായത്. നല്ലൊരു ശതമാനം ബിജെപി വോട്ടുകൾ കൊഗ്ഗുവിന് ലഭിച്ചിരുന്നു. അതേസമയം എസ്ഡിപിഐ സ്ഥാനാർത്ഥി കേവലം 46 വോട്ടുകൾ മാത്രമാണ് നേടിയിരുന്നത്. 

ഉപതെരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ടർ പട്ടിക പുതുക്കലിന് ഇരു മുന്നണികളും മത്സരിച്ചാണ് പുതിയ വോട്ടർമാരെ ചേർത്തത്. ഏകദേശം അറുപതിൽപരം വോട്ടർമാരെ യു ഡി എഫും അത്ര തന്നെ എൽ ഡി എഫും ചേർത്തതായാണ് മുന്നണികളുടെ അവകാശവാദം. കൂടാതെ പട്ടികയിൽ അനധികൃതമായി കടന്നു കൂടിയ സമീപ വാർഡുകളിലെ വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും മുന്നണികൾ ശ്രദ്ധിച്ചിരുന്നു.ഏതായാലും വാർഡ് നിലനിർത്തേണ്ടത് സി പി എമ്മിന്റെ അഭിമാന പ്രശ്നമാണ്. അതിനുള്ള ഒരുക്കങ്ങളായിരിക്കും പാർട്ടി നടത്തുക. സി പി എം, ബി ജെ പി അവിഹിത ബന്ധങ്ങളെ തുറന്നു കാട്ടി കൊഗ്ഗുവിന്റെ രാജിക്ക് കളമൊരുക്കിയ മുസ്‌ലിം ലീഗാകട്ടെ ശക്തമായ പോരാട്ടത്തിലൂടെ വാർഡ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും കളത്തിലിറങ്ങുക.


No comments