JHL

JHL

ഉപ്പള പത്വാടിയിൽ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ അടക്കം അഞ്ചു പേർക്ക് ഗുരുതര പരിക്ക്

മഞ്ചേശ്വരം : കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു കുടുംബത്തിലെ നാലു പേർ ഉൾപ്പെടെ അഞ്ചു പേർക്ക് ഗുരുതര പരിക്ക്. ഉപ്പള പത്വാടിയിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. 10 അടി ഉയരത്തിൽനിന്നാണ് ഓട്ടോ മറിഞ്ഞത്. പത്വാടി സ്വദേശികളായ അബ്ദുൽ ലത്തീഫ് (35), ഭാര്യ സുഹറ (32), മക്കളായ ലുബ്ന (എട്ട്), അബ്ദുൽ ബഷീർ (ആറ്), ഓട്ടോ ഡ്രൈവർ ഉപ്പള പച്ചിലമ്പാറയിലെ നഹീം (28) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലുപേരെ മംഗളൂരു തൊക്കോട്ട് യേനപോയ ആശുപത്രിയിലും ഡ്രൈവറെ കാസർകോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ ബഷീറിന്റെ നില ഗുരുതരമാണ്. പത്വാടി ജുമാമസ്ജിദിന് പിറകിലുള്ള ലക്ഷംവീട് കോളനിയിലേക്ക് ഇടുങ്ങിയതും കുത്തനെയുമുള്ള കയറ്റം കയറിയാൽ മാത്രമേ പോകാൻ കഴിയൂ. വശങ്ങളിൽ സുരക്ഷാഭിത്തി ഇല്ലാത്തതിനാൽ അപകട സാധ്യത കൂടുതലാണ്. നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് നിരവധി തവണ സുരക്ഷാഭിത്തി നിർമിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.

No comments