JHL

JHL

അബൂബക്കർ സിദ്ദിഖ് വധം ; മുഖ്യ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന ; കൊടിയ പീഡനത്തിന്റെ കഥകൾ പറഞ്ഞ് സഹോദരനും സുഹൃത്തും

കുമ്പള : പുത്തിഗെ മുഗു റോഡിലെ അബൂബക്കർ സിദ്ദിഖി(32)നെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായി സൂചന. മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. 

കൊലക്ക് ശേഷം പ്രതികൾ ആദ്യം കടന്നത് കർണാടകയിലേക്കാണ്. പ്രതികളുടെ കൂട്ടാളിയും ബാളിഗെ അസീസ് വധക്കേസിൽ കൂട്ടു പ്രതിയുമായ മടിക്കേരി സ്വദേശിയുടെ രഹസ്യ കേന്ദ്രത്തിലേക്കാണ് പ്രതികൾ ആദ്യം കടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇവിടെ നിന്നും വേർപിരിഞ്ഞ സംഘം ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് കടന്നതായാണ് സൂചന.

വിദേശത്ത് ശക്തമായ വേരുകളുള്ള ഈ സംഘം കുറ്റകൃത്യം നടന്നാൽ വിദേശത്തേക്ക് കടക്കുകയാണ് പതിവ്. മുഖ്യ പ്രതിയായ ഒരാൾ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവർ വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ കേരള പൊലീസ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുപ്രകാരം ഒരാളെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ചു പിടികൂടാനും സാധിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന പ്രതിയെ വിട്ടു കിട്ടാനായി റെഡ് കോർണർ നോട്ടീസ് ഇറക്കും.

സിദ്ദിഖിനെ ഏറ്റവും കൂടുതൽ മർദ്ദിച്ചത് ഷാഫി ആണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളുടെ മർദ്ദനമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് മൊഴികളിൽ നിന്നും ലഭിച്ച സൂചന.യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച വീട് ബുധനാഴ്ച ഫോറൻസിക് വിഭാഗം പരിശോധന നടത്തി. രക്ത കറയും മറ്റു തെളിവുകളും ഫോറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്.

തടങ്കലിൽനിന്ന് രക്ഷപ്പെട്ട അബൂബക്കർ സിദ്ദീഖിന്റെ സഹോദരൻ അൻവർക്കും സുഹൃത്ത് അൻസാരിക്കും അനുഭവിക്കേണ്ടിവന്ന കൊടും മർദനത്തിന്റെ ബാക്കി ചിത്രങ്ങൾ അവരുടെ ശരീരത്തിൽ ഇപ്പോഴും തെളിഞ്ഞുകിടക്കുന്നുണ്ട്.

 തലകീഴായി മരത്തിൽ കെട്ടിയിട്ട് തന്നെ മർദിക്കുകയായിരുന്നെന്ന് കുമ്പള സഹകരണ ആസ്പത്രിയിൽ കഴിയുന്ന മുഗു സ്വദേശി അൻസാരി പറഞ്ഞു.

 വെള്ളിയാഴ്ചയാണ് അൻവറിനൊപ്പം അൻസാരി ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയിൽവെച്ചും ബോളംകളയിലെ കാട്ടിൽവെച്ചും തന്നെ സംഘം മർദിച്ചതായും അദ്ദേഹം പറഞ്ഞു.

പണം എന്തു ചെയ്തെന്ന് ചോദിച്ചായിരുന്നു ഓരോ അടിയും. ബോധം മങ്ങിത്തുടങ്ങിയപ്പോഴാണ് മർദനം നിർത്തിയത്. പിന്നീടാണ് സംഘം അൻവറിനുനേരേ തിരിഞ്ഞത്.

പണം ചോദിച്ച് അദ്ദേഹത്തിനും പൊതിരെ തല്ലി. അതിനിടയിൽ സംഘത്തിന്റെ നിർദേശമനുസരിച്ച് വീട്ടിലേക്ക് ഫോൺ വിളിച്ച് സുരക്ഷിതരായി ഒരിടത്തുണ്ടെന്ന് പറഞ്ഞു. സിദ്ദിഖിനെ വിളിച്ച് നാട്ടിലെത്താനും ആവശ്യപ്പെട്ടു.

ഞായറാഴ്ച ഉച്ചയ്ക്ക് ബോളംകളയിലെ കുന്നിൻപുറത്ത് സിദ്ദീഖിനെ മരത്തിൽ കെട്ടി ഒരുസംഘം മർദിച്ചു. രാത്രിയായതോടെ പണത്തിന്റെ കാര്യത്തിൽ തീരുമാനമായെന്ന് പറഞ്ഞ് തന്നെയും അൻസാരിയെയും ഒരു വാഹനത്തിൽ കയറ്റി പൈവളിഗെയിൽ ഇറക്കിവിടുകയായിരുന്നെന്ന് അൻവർ പറഞ്ഞു. 1500 രൂപയും സംഘം നൽകി.

അവിടെനിന്ന് ഓട്ടോയിൽ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരമറിഞ്ഞതെന്നും പൊട്ടിക്കരച്ചിലിനിടെ അൻവർ പറഞ്ഞു.

അതിനിടെ പൈവളിഗെ നുച്ചിലയിൽ പ്രതികൾ തങ്ങിയ വീട് പോലീസും വിരലടയാള വിദഗ്ദ്ധരും ചൊവ്വാഴ്ച പരിശോധിച്ചു.

 രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. പണം തിരിച്ചുപിടിക്കാൻ അവർ പൈവളിഗെയിൽനിന്നുള്ള ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടുകയായിരുന്നെന്നും പോലീസ് കണക്കുകൂട്ടുന്നു.


No comments