JHL

JHL

തട്ടമിടാൻ അനുവാദമില്ല;മംഗളൂറു യൂണിവേഴ്സിറ്റി കോളേജിൽ ടി.സി വാങ്ങി മുസ്‍ലിം വിദ്യാർഥിനികൾ

മംഗളൂറു : ശിരോവസ്ത്രമണിഞ്ഞ് ക്ലാസിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാൽ അഞ്ച് മുസ്‍ലിം വിദ്യാർഥിനികൾ കോളജിൽനിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി. മംഗളൂറു  ഹമ്പനകട്ട യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളാണിവർ. ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട് ഇവർ നേരത്തേ കോളജ് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇത് നിഷേധിച്ചതിനെ തുടർന്നാണ് ടി.സി വാങ്ങി കോളജിൽനിന്ന് പോകാൻ തീരുമാനിച്ചത്.  .വിദ്യാർഥിനികൾ ടി.സിക്ക് അപേക്ഷിച്ച കാര്യം പ്രിൻസിപ്പൽ അനുസുയ റായ് സ്ഥിരീകരിച്ചു. എന്നാൽ, ചില തിരുത്തലുകൾ വരുത്തിയുള്ള മറ്റൈാരു കത്ത് കൂടി നൽകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടുന്ന മുറക്ക് കോളജ് മാനേജ്മെന്റ് ടി.സി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കും.    പരീക്ഷ മൂല്യനിർണയം നടക്കുന്നതിനാൽ അണ്ടർ ഗ്രാജ്വേറ്റ് ക്ലാസുകളുടെ അധ്യയനം തിങ്കളാഴ്ച മുതൽ ഓൺലൈനിൽ ഒരുക്കിയിട്ടുണ്ട്. മുസ്‍ലിം വിദ്യാർഥിനികളിൽ ചിലരൊഴിച്ച് 44 വിദ്യാർഥിനികളും ചട്ടങ്ങൾ പാലിച്ച് ക്ലാസുകളിൽ ഹാജരാകുന്നുണ്ട്. രണ്ടാംവർഷ പി.യു.സി ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യു.ജി കോഴ്സുകൾ അടുത്ത ആഴ്ച മുതൽ തുടങ്ങും. ശിരോവസ്ത്രം അഴിക്കാത്ത മുസ്‍ലിം വിദ്യാർഥിനികൾക്ക് മറ്റ് കോളജുകളിൽ പഠിക്കാൻ പ്രത്യേക പരിഗണന നൽകുമെന്ന് മംഗളൂരു യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പി.എസ്. യാദപാദിത്യ പറഞ്ഞിരുന്നു.    മംഗളൂരു യൂനിവേഴ്സിറ്റി കോളജിൽ ഹിജാബ് അനുവദിക്കുന്നതിനെതിരെ കഴിഞ്ഞ മേയ് 26ന് മറ്റുചില വിദ്യാർഥികൾ സമരം നടത്തിയിരുന്നു.    കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്ര വിലക്കിനെതിരെ പ്രതിഷേധം തുടരുകയാണ്. ഹലിയഗഡി ഫസ്റ്റ് ഗ്രേഡ് കോളജിലെ 19 വിദ്യാർഥിനികൾ ക്ലാസ് ബഹിഷ്കരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസമായി ഇവർ ക്ലാസിൽ കയറുന്നില്ല. മൂന്നാം വർഷ ബിരുദ വിദ്യാർഥിനികളായ 19 പേരാണ് ക്ലാസിൽ ഹാജരാകാത്തത്. ശിരോവസ്ത്രം അഴിക്കാൻ അവർ തയാറല്ലെന്നും രക്ഷിതാക്കളുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നുവെന്നും കോളജ് പ്രിൻസിപ്പൽ കെ. ശ്രീധർ പറയുന്നു.    ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ താലൂക്കിലെ ഉപ്പിനഗഡി ഡിഗ്രി കോളജിൽ ക്ലാസ് മുറികളിൽ കയറുമ്പോൾ ഹിജാബ് മാറ്റാൻ വിസമ്മതിച്ച 24 വിദ്യാർഥികളെ കഴിഞ്ഞയാഴ്ച സസ്‍പെൻഡ് ചെയ്തിരുന്നു. നേരത്തേ ഉപ്പിനഗഡി ഫസ്റ്റ് ഗ്രേഡ് കോളജിൽ യൂനിഫോമിലെ ഷാൾകൊണ്ട് തലമറച്ചതിന് ആറു മുസ്‍ലിം വിദ്യാർഥിനികളെ സസ്‍പെൻഡ് ചെയ്തിരുന്നു.    ഹിജാബ് ധരിച്ച വിദ്യാർഥികളെ ഉഡുപ്പി ഗവ. പ്രീയൂനിവേഴ്സിറ്റി കോളജിൽനിന്ന് വിലക്കിയതാണ് സംസ്ഥാനത്ത് ഹിജാബ് വിവാദത്തിന്റെ തുടക്കം. ഇതിനെതിരെ സംസ്ഥാനവ്യാപകമായ പ്രതിഷേധമുണ്ടായി. വിദ്യാർഥിനികളടക്കം കർണാടക ഹൈകോടതിയിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി. എന്നാൽ ഹിജാബ് ധരിക്കൽ ഇസ്‍ലാമിക വിശ്വാസപ്രകാരം നിർബന്ധമല്ലെന്നായിരുന്നു ൈഹകോടതിയുടെ ഇടക്കാല വിധി. ഇതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 16ന് എല്ലാ സ്കൂളിലും ഹിജാബ് നിരോധിച്ചുകൊണ്ട് കർണാടക സർക്കാർ ഉത്തരവിറക്കി. നിലവിൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.    കഴിഞ്ഞ ആഴ്ച മാംഗ്ലൂർ സർവകലാശാല കോളജിൽ ഹൈകോടതി ഹിജാബ് വിലക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികളും ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗം വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. ഹിജാബ് നിരോധിച്ച ഹൈകോടതി ഉത്തരവ് പ്രീ യൂനിവേഴ്സിറ്റി കോളജുകൾക്കൊപ്പം ഡിഗ്രി കോളജുകൾക്കും ബാധകമാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതിനെ തുടർന്ന് മാംഗ്ലൂർ സർവകലാശാല കോളജിൽ ഹിജാബിന് വിലക്കേർപ്പെടുത്തുകയായിരുന്നു.    നേരത്തേ ഇവിടെ ഡിഗ്രി കോളജിലെ വിദ്യാർഥികൾക്ക് യൂനിഫോമിന്‍റെ അതേ നിറത്തിലുള്ള തട്ടം ധരിക്കുന്നത് അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് ക്ലാസ് മുറിയിൽ തട്ടവും ഹിജാബും ഉൾപ്പെടെ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.    ഹിജാബ് അനുവദിക്കുന്ന കോളജിൽ പഠിക്കാനായി നിരവധി മുസ്‍ലിം വിദ്യാർഥിനികളാണ് നിലവിൽ പഠിക്കുന്നിടങ്ങളിൽനിന്ന് ടി.സി വാങ്ങുന്നത്. ഹിജാബ് ധരിക്കണമെന്നുണ്ടെങ്കിൽ അത്തരം കോളജുകളിൽ ചേരാൻ ടി.സി നൽകാമെന്ന് കോളജ് മാനേജ്മെന്റും കുട്ടികളോട് പറയുന്നുണ്ട്.

No comments