JHL

JHL

60 സീറ്റിനു 4000 അപേക്ഷകൾ; സയൻസ് വിഷയം എടുത്തു പഠിക്കാൻ സീറ്റില്ലാതെ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ വിദ്യാർഥികൾ.

മഞ്ചേശ്വരം(www.truenewsmalayalam.com) : കാസറഗോഡിന്റെയും  മഞ്ചേശ്വരത്തിന്റെയും ഇടയിലുള്ള തീരദേശ പ്രദേശത്ത് ജീവശാസ്ത്രം ഉൾപ്പടെയുള്ള സയൻസ് വിഷയങ്ങൾ എടുത്തു പ്ലസ് ടൂ പഠിക്കാൻ ഒരേ ഒരു സ്കൂൾ മാത്രം. ഹയർ സെക്കന്ററി സ്കൂളുകൾ ആയ മൊഗ്രാൽ, ഷിറിയ, മംഗല്പാടി, ഉപ്പള എന്നിവിടങ്ങളിൽ ഒന്നും സയൻസ് ബാച്ച് ഇല്ല. ആകെയുള്ളത് കുമ്പളയിൽ മാത്രം.

തൊട്ടടുത്ത മൊഗ്രാൽ പുത്തൂറിൽ സയൻസ് ഉണ്ടെങ്കിലും അത് കമ്പ്യൂട്ടർ സയൻസ് ആണ്. അത് കൊണ്ട് തന്നെ കുമ്പള ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ വർഷം 60 സീറ്റുകളിൽ നാലായിരത്തിനടുത്ത് അപേക്ഷകരുണ്ടായി.

 ഫുൾ എ പ്ലസ് കുട്ടികൾക്ക് വരെ അഡ്മിഷൻ കിട്ടുന്നില്ല. നാട്ടുകാർ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സയൻസ് ലാബ് സൗകര്യം സ്കൂളിന് വേണ്ടി ഒരുക്കി ഒരു അധിക സയൻസ് ബാച്ചിന് വേണ്ടി അപേക്ഷ കൊടുത്തെങ്കിലും കിട്ടിയത് അപേക്ഷിക്കാത്ത കോമേഴ്‌സ്.

 കുമ്പള, അംഗടിമൊഗർ, സൂരമ്പയൽ, കൊടിയമ്മ, മൊഗ്രാൽ, ഷിറിയ എന്നീ ഹൈ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കു ഏറ്റവും അടുത്തായി ഈ ഒരു സയൻസ് ബാച്ച് മാത്രമേ ഉള്ളൂ.

മഞ്ചേശ്വരം മണ്ഡലത്തിലെ പുത്തിഗെ, മീഞ്ച, വോർക്കാടി പഞ്ചായത്തുകളിലെ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഒരൊറ്റ സയൻസ് ബാച്ച് പോലുമില്ല.

ജില്ലയിൽ 116 ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ 74 ഇടത്ത് (64 ശതമാനം),

തൊട്ടടുത്ത കാസർഗോഡ് മണ്ഡലത്തിൽ 16 ഹയർ സെക്കണ്ടറി സ്കൂളുകളിൽ 12 ഇടത്തു (75%) സയൻസ് പഠന സൗകര്യം ഉള്ളപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിൽ 16 ൽ 6 ഇടത്ത് (37.50%) മാത്രമേ സൗകര്യം ഉള്ളൂ. സംസ്ഥാനത്ത് വലിയ പഞ്ചായത്തുകളിൽ നാലും അഞ്ചും ഹയർ സെക്കണ്ടറി സ്കൂളുകളിൽ സയൻസ് ബാചുകൾ ഉള്ളപ്പോൾ മംഗല്പാടി, കുമ്പള പോലുള്ള ജനസംഖ്യ ധാരാളമുള്ള പഞ്ചായത്തുകളിൽ ഇവിടെ ഓരോ ബാചുകൾ മാത്രമാണ്.

കുമ്പള സ്കൂളിൽ ഒരു അധിക  ബാചായും മൊഗ്രാൽ, ഉപ്പള, മംഗല്പാടി എന്നീ സ്കൂളുകളിൽ പുതുതായും ബയോളജി അടക്കമുള്ള സയൻസ് ക്ളാസുകൾ ഈ അധ്യയന വർഷമെങ്കിലും തുടങ്ങണമെന്ന് സർക്കാറിനോട് എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥയാലയം അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് എം എൽ എ ക്കു നിവേദനവും നൽകാൻ തീരുമാനിച്ചു.


No comments