JHL

JHL

എസ്.എസ്.എൽ.സി: ജില്ലക്ക് 99.48 ശതമാനം ജയം; 1639 പേർക്ക് ഫുൾ എ പ്ലസ്.

കാസർകോട്(www.truenewsmalayalam.com) : എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് 99.48 ശതമാനം ജയം. പരീക്ഷയെഴുതിയ 19,761 വിദ്യാർഥികളിൽ 19,658 പേർ ഉപരിപഠനത്തിന് ​യോഗ്യത നേടി. 1639 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

 കഴിഞ്ഞവർഷത്തെ റെക്കോഡ് വിജയശതമാനത്തേക്കാൾ നേരിയ കുറവാണ് ഇത്തവണ. 99.74 ശതമാനമായിരുന്നു കഴിഞ്ഞതവണത്തെ വിജയം. 4366 പേർക്കായിരുന്നു കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത്. ഫുൾ എപ്ലസുകാരുടെ എണ്ണം ഏകദേശം മൂന്നിലൊന്നായി ചുരുങ്ങി.

 10,265 ആൺകുട്ടികളും 9496 പെൺകുട്ടികളുമാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 10,199 ആൺകുട്ടികളും 9459 പെൺകുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി.

 കാസർകോട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത്- 10965. ഇതിൽ 10876 ​പേർ യോഗ്യത നേടി.

 കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷക്കിരുന്ന 8796 ൽ 8782 പേരും യോഗ്യത നേടി.

 കഴിഞ്ഞവർഷം വിജയശതമാനത്തിലും ഫുൾ എപ്ലസുകാരിലും റെക്കോഡ് ആയിരുന്നുവെങ്കിൽ തൊട്ടുമുമ്പത്തെ (2020) വിജയവുമായാണ് ഇത്തവണ സമാനതകൾ ഏറെയുള്ളത്.

 2020ൽ 1685 പേർക്കായിരുന്നു എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചിരുന്നത്. ഇത്തവണയത് 1639 ആയി. 98.61ശതമാനമായിരുന്നു 2020ലെ വിജയം. എ പ്ലസുകാരിൽ പെൺ മേധാവിത്വം ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരിൽ പെൺകുട്ടികൾ ബഹുദൂരം മുന്നിൽ.

 ആകെയുള്ള 1639 ഫുൾ എ പ്ലസുകാരിൽ 1184 പേരും പെൺകുട്ടികളാണ്. 455 ആൺകുട്ടികളാണ് ഫുൾ എപ്ലസ് നേടിയത്.

 കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 653 പേർക്കാണ് ഫുൾ എപ്ലസ്. ഇതിൽ ആൺകുട്ടികൾ 171, പെൺകുട്ടികൾ 482. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 986പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ഇതിൽ 284 ആൺകുട്ടികൾ, 702 പെൺകുട്ടികൾ. രണ്ടു വിദ്യാഭ്യാസ ജില്ലകളിൽ കാഞ്ഞങ്ങാടാണ് വിജയശതമാനത്തിൽ മുന്നിൽ- 99.84. കാസർകോട് വിദ്യാഭ്യാസ ജില്ലക്ക് 99.19ശതമാനമാണ് വിജയം.


No comments