JHL

JHL

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ അടിച്ചമർത്തുന്ന ഹിന്ദുത്വ സർക്കാരിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

കാസർകോട്(www.truenewsmalayalam.com) : പ്രവാചകനിന്ദക്കെതിരെ റാഞ്ചി, കാൺപൂർ, അലഹബാദിലും പ്രതിഷേധിച്ചവർക്കെതിരെ തുടരുന്ന പോലീസ് അതിക്രമങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി - ഫ്രറ്റേണിറ്റി പ്രതിഷേധ പ്രകടനം നടത്തി.

  പ്രവാചക നിന്ദക്കെതിരായ മുസ്‌ലിം പ്രതിഷേധങ്ങളെ വെടിവെച്ചു കൊന്നും അറസ്റ്റ് ചെയ്തും അടിച്ചമർത്താൻ അനുവദിക്കില്ല എന്ന് വെൽഫെയർ പാർട്ടി - ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. ബി.ജെ.പി നേതാക്കളായ നുപുർ ശർമ്മയെയും നവിൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊലപ്പെടുത്തിയും ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിട്ടും വ്യാപകമായ അറസ്റ്റുകൾ നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഹിന്ദുത്വ സർക്കാറിനെതിരെ ജനകീയ പ്രതിരോധം ഉയർത്തണമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത വെൽഫയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര പറഞ്ഞു.  ജാർഖണ്ഡിൽ പോലീസ് വെടിവെപ്പിൽ രണ്ട് മുസ്ലിംകൾ കൊല്ലപ്പെട്ടതിലും, വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റിയംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തതിനെതിരെയും ബഹുജനമുന്നേറ്റങ്ങൾക്ക് ജനാധിപത്യ സമൂഹം മുന്നിട്ടിറങ്ങണമെന്നും അധ്യക്ഷൻ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്ലായി, എഫ്. ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുഹിയുദ്ദിൻ എന്നിവർ സംസാരിച്ചു. പുതിയ ബസ്റ്റാൻ്റ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. നഹാർ കടവത്ത്, അബ്ദുൽ റഹ്മാൻ, നൗഷാദ്, ശരീഫ് ,അബ്ദുൽ സലാം, സിദ്ധീഖ്, അബ്ബാസ്, സി.എമൊയ്തീൻ കുഞ്ഞി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.


No comments