JHL

JHL

'വിദ്വേഷത്തിന്റെ വിളവെടുപ്പിന് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നത് രാജ്യത്തിന് കളങ്കം' മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ: ഇസ്ലാം മത വിശ്വാസത്തിനെതിരെ സംഘപരിവാർ പ്രസ്ഥാനങ്ങൾ സ്ഥിരമായി നടത്തിവരുന്ന വിദ്വേഷ  പ്രചരണങ്ങൾക്ക് കേന്ദ്രസർക്കാർ തന്നെ കൂട്ടുനിൽക്കുന്നത് അപകടകരവും, രാജ്യത്തിന് കളങ്കവുമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

കേന്ദ്ര ഭരണത്തിന്   നേതൃത്വം നൽകുന്ന ബിജെപി വക്താക്കൾ തന്നെ നടത്തിയ നബി നിന്ദയിലൂടെ രാജ്യം ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നു. എന്നിട്ട് പോലും പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും ഈ വിഷയത്തിൽ കാണിക്കുന്ന മൗനം ഇന്ത്യക്ക് പുറത്ത് ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വംശജരുടെ മനസ്സിന് മുറിവേറ്റുവെന്ന് യോഗം അഭിപ്രായപ്പെട്ടു.

ലോകരാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുള്ള സൗഹാർദ്ദപരമായ  ബന്ധം മനസ്സിലാക്കാതെയും, വെളിവില്ലാതെയും നാവിൽ തോന്നുന്ന എന്തും വിളിച്ചുപറയുന്ന സംഘപരിവാറിനെ നിയന്ത്രിച്ചില്ലെങ്കിൽ രാജ്യം വലിയ വില നൽകേണ്ടിവരും. നാനാജാതി മതസ്ഥരും, വ്യത്യസ്ത സംസ്കാരങ്ങൾ ചേർന്ന ഇന്ത്യൻ ദേശീയതയെ തകർക്കുന്ന ഇത്തരം വർഗീയ ഭ്രാന്തന്മാരെ നിലക്കുനിർത്താൻ രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ സർക്കാരിന് നിർദ്ദേശം നൽകണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. ദേശീയവേദി ജനറൽ സെക്രട്ടറി ടി കെ ജാഫർ പ്രമേയം അവതരിപ്പിച്ചു. പ്രസിഡണ്ട് എ എം സിദ്ദീഖ്റഹ്മാൻ അധ്യക്ഷത വഹിച്ചു. സെഡ് എ മൊഗ്രാൽ, എം എം റഹ്മാൻ, റിയാസ് കരീം,ടി കെ അൻവർ, മുഹമ്മദ് അബ്‌കോ, കാദർ മൊഗ്രാൽ, എം എ മൂസ,വിജയകുമാർ, എം എ ഇക്ബാൽ, അഷ്‌റഫ്‌ പെർവാഡ്, അബ്ദുല്ലകുഞ്ഞി നട്പ്പളം,മുഹമ്മദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌, പി എം മുഹമ്മദ്, ഇബ്രാഹിം ഖലീൽ, ടി എ ജലാൽ, ഇബ്രാഹിം സദറുദ്ദീൻ എന്നിവർ സംസാരിച്ചു. ട്രഷറർ മുഹമ്മദ് സ്മാർട്ട്‌ നന്ദി പറഞ്ഞു.


No comments