16കാരിയെ പ്രണയിച്ച് ഡല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിച്ച യു.പി സ്വദേശി കാസർകോട്ട് പിടിയിൽ
കാസർകോട്: 16കാരിയെ പ്രണയിച്ച് ഡല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിച്ച യു.പി സ്വദേശിയെ പൊലീസ് ട്രെയിനില്‍നിന്ന് പിടികൂടി.
ഉത്തര്‍പ്രദേശിലെ നോയിഡ ചൗദര്‍പുരിലെ മുഹമ്മദ് നവേദിനെയാണ് (18) കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ കരുവാരകുണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.കെ. നാസര്‍ അറസ്റ്റ് ചെയ്തത്.
കരുവാരകുണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് നവേദ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. രണ്ടാഴ്ച മുമ്ബ് ഇവിടെയെത്തിയ പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ എതിര്‍ത്തതോടെ മുടങ്ങി. ഇക്കഴിഞ്ഞ രണ്ടിന് ക്ലാസിനെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ നവേദ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കോഴിക്കോട്ടെത്തിയ ഇരുവരും അവിടെനിന്ന് ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറി. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ നമ്ബര്‍ പിന്തുടര്‍ന്നപ്പോഴാണ് ഇവര്‍ ഡല്‍ഹിയിലേക്ക് തിരിച്ച വിവരം പൊലീസിന് ലഭിച്ചത്. റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കാസര്‍കോട് വെച്ച് ഇരുവരെയും പിടികൂടുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം കാസര്‍കോട്ടെത്തിയാണ് കരുവാരകുണ്ട് പൊലീസ് ഇവരെ നാട്ടിലെത്തിച്ചത്. ചോദ്യംചെയ്യലിലാണ് ഇന്‍സ്റ്റഗ്രാം പ്രണയത്തി വിവരം പുറത്തായത്. പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ട പൊലീസ് നവേദിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മഞ്ചേരി കോടതി പ്രതിയെ ഫെബ്രുവരി 17 വരെ റിമാന്‍ഡ് ചെയ്തു
Post a Comment