JHL

JHL

ഇത് 1962ൽ നിർമിച്ച കുമ്പള സിഎച്ച്സി കെട്ടിടം; 2023ലും മാറ്റമില്ല.

കുമ്പള(www.truenewsmalayalam.com) : കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിന് 6 പതിറ്റാണ്ട് കാലത്തെ കാലപ്പഴക്കമു ണ്ട്. 1962 കാലഘട്ടത്തിൽ നിർമ്മിച്ച കെട്ടിടം 2023ലും എത്തിനിൽക്കെ അതേപടി നിലനിൽക്കുന്നു. ഒരുപക്ഷേ ജില്ലയിലും, സംസ്ഥാനത്തും ഇങ്ങനെയൊരു കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഏക സർക്കാർ ആശുപത്രിയായിരിക്കും കുമ്പള സി എച്ച് സി.

 സാമൂഹികാരോഗ്യ കേന്ദ്രങ്ങളൊക്കെ(സി എച് സി )ജില്ലയിലും സംസ്ഥാനത്തും മികച്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. കുമ്പളയ്ക്ക് മാത്രം നാഥനില്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.

 സി എച്ച് സിയുടെ നവീകരണത്തിന് കാസർഗോഡ്  ബ്ലോക്ക് പഞ്ചായത്ത് 10 കോടി രൂപയുടെ സമഗ്രമായ വികസന പദ്ധതികൾ  സമർപ്പിച്ചിട്ട് കാലങ്ങളേറെയായി.കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നടപ്പിലാക്കാനായിരുന്നു ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി. എന്നാൽ ഇതിന് ആരോഗ്യവകുപ്പിൽ നിന്ന് വേണ്ടത്ര ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പിന്നിൽ സ്വകാര്യാശുപത്രികളുടെ കളികളുമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

 കുമ്പള ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും, കൃഷിക്കാരും ഉൾപ്പെടെയുള്ള സാധാരണക്കാരായ രോഗികളാണ് കുമ്പള സി എച്ച് സി യെ ആശ്രയിക്കുന്നത്. ദിവസേന 300 ഓളം രോഗികൾ ഈ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. സർക്കാർ സ്കൂൾ- കോളേജുകളിലെയും, സ്വകാര്യ കോളേജുകളിലെയും നൂറുകണക്കിന് വിദ്യാർത്ഥികൾ ഏറെ ആശ്രയിക്കുന്നതും ഈ സർക്കാർ ആശുപത്രിയെ തന്നെയാണ്.

 കാലപ്പഴക്കം ചെന്നതും, മഴക്കാലത്ത് ചോർന്നൊലിക്കുന്നതും, യാതൊരുവിധത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്താത്തതുമായ സി എച്ച് സി കെട്ടിടത്തിന് അടിയന്തിര ചികിത്സ വേണമെന്ന് നിരന്തരമായി നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ട് വരികയാണ്. എന്നിട്ടും അധികൃതർ ചെവി കൊള്ളുന്നില്ലെന്നാണ് ആക്ഷേപം.

 ഇതിന് പുറമെയാണ് ഡോക്ടർമാരുടെയും, ജീവനക്കാരുടെയും കുറവും ഭൗതീക സാഹചര്യങ്ങളുടെ അഭാവവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞാഴ്ച കുടിവെള്ളം പോലും തടസ്സം നേരിട്ടിരുന്നു. കെട്ടിടത്തിന്റെ ചവിട്ടുപടിയൊക്കെ തകർന്നുകിടക്കുന്നത് രോഗികൾക്കും ദുരിതമാകുന്നു.സി എച്ച് സിയിൽ ഡയാലിസിസ് തുടങ്ങാൻ അനുമതി ലഭിച്ചിരുന്നുവെങ്കിലും ഇതും പ്രവർത്തനം ആരംഭിച്ചിട്ടില്ല. കുമ്പളയിൽ മാത്രം നൂറുകണക്കിന് വൃക്ക, കാൻസർ രോഗികളുണ്ട്. ഇവർക്ക് നേരിയ ആശ്വാസം ലഭിക്കേ ണ്ടിയിരുന്ന ഡയാലിസിസ് സംവിധാനമാണ് ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്.


No comments