ഇശൽ ഗ്രാമം വീണ്ടും കാൽപന്ത് കളിയുടെ ആരവത്തിലേക്ക്...
മൊഗ്രാൽ(www.truenewsmalayalam.com) : നൂറ്റാണ്ടുകളുടെ ഫുട്ബോൾ പാരമ്പര്യമുള്ള മൊഗ്രാൽ സ്കൂൾ മൈതാനം ഇനി അഞ്ച് നാൾ കാൽപന്തുകളിയുടെ ആവേശം കൊണ്ട് നിറയും. നൂറ് വർഷം പിന്നിട്ട ജില്ലയിലെ ചുരുക്കം ചില ക്ലബ്ബുകളിൽ ഒന്നായ അൽ മുതകമൽ- മൊഗ്രാൽ ബ്രദേഴ്സ് മൊഗ്രാൽ സംഘടിപ്പിക്കുന്ന എഎം ഡബ്ലിയു "സൂപ്പർ കപ്പ് ' സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സീസൺ -3,2023 മെയ് മൂന്നാം തീയതി ബുധനാഴ്ച മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ എസ്സാ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറും. ഏഴാം തീയതി സമാപിക്കും. മൊഗ്രാലിന്റെ ഫുട്ബോൾ ആചാര്യൻ കുത്തിരിപ്പ് മുഹമ്മദിന്റെ സ്മരണയ്ക്കായാണ് സ്പൈസി കഫെ-റോക്കി സ്റ്റാർ സഹകരണത്തോടെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.എസ് ആർ ഗ്രൂപ്പ്, പ്ലേ ഓഫ് ഉപ്പള എന്നീ സ്ഥാപനങ്ങളാണ് മുഖ്യ സ്പോൺസര്മാർ.
8 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ദേശീയ, വിദേശ താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കും. രാത്രി 7 മണി മുതലാണ് മത്സരം. ഏഴാം തീയതി നടക്കുന്ന ഫൈനൽ മത്സരത്തിലെ വിജയികൾക്ക് ഡോക്ടെർസ് ഹോസ്പിറ്റൽ സ്പോൺസർ ചെയ്യുന്ന ട്രോഫി സമ്മാനിക്കും.
ആവേശപ്പോരിന് മുന്നോടിയായുള്ള താരലേലം മൊഗ്രാൽ മജിലിസ് റസ്റ്റോറന്റ് കമ്പൗണ്ടിൽ വെച്ച് നടന്നു. സൈഫുദ്ദീൻ മൊഗ്രാൽ,സ്പോർട്സ് ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി. ടീം മാനേജർമാർ, താരങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
കളി കാണാനുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ് എസ്, ജനറൽ സെക്രട്ടറി ആസിഫ് ഇക്ബാൽ എന്നിവർ അറിയിച്ചു.
Post a Comment