ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ പി.ബി അഹ്‌മദിന്റെ മയ്യത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
കുടുംബസമേതം ദുബായിലായിരുന്ന പി.ബി അഹമദ് ഏതാനും ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് ന്യൂമോണിയ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
നേരത്തെ വൃക്കസംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഇന്നലെ വൈകിട്ട് മയ്യത്ത് വീട്ടിലെത്തിയതുമുതല്‍ വലിയ ജനകൂട്ടമാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്.
ത്വാഹ ബാഫഖി തങ്ങള്‍ മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. വീട്ടില്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലടക്കം മയ്യത്ത് നിസ്‌കാരം നടന്നിരുന്നു.
കാസര്‍കോടിന്റെ രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പി.ബി അഹ്‌മദ് നാഷണല്‍ ലീഗിന്റെ രൂപീകരണത്തിലടക്കം പ്രധാനപങ്കുവഹിച്ചിരുന്നു. നാഷണല്‍ ലീഗിന്റെ പ്രഥമ ജില്ലാ ട്രഷററായിരുന്നു. നാഷണല്‍ ലീഗ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചാണ് 1995ല്‍ ഇടതുപിന്തുണയോടെ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായത്.
നാഷണല്‍ ലീഗിന്റ ആദ്യ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാണ് അദ്ദേഹം. ജാമിഅ സഅദിയ്യ, കാരന്തൂര്‍ സുന്നി മര്‍കസ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സജീവ സഹകാരിയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. ഉള്ളാള്‍ തങ്ങള്‍, എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് കുമ്പോല്‍ തങ്ങള്‍ തുടങ്ങിയ പണ്ഡിത നേതൃത്വത്തോട് വലിയ ബന്ധം പുലര്‍ത്തിയിരുന്നു. ജില്ലാ സുന്നി സെന്റര്‍ നവീകരണ കമ്മിറ്റി ഫിനാന്‍സ് സെക്രട്ടറിയാണ്. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടാണ്. നായന്മാര്‍മൂല മേല്‍പാല ആക്ഷന്‍ കമ്മിറ്റി, പി.ബി അഹമദ് ട്രസ്റ്റ് തുടങ്ങിയവയുടെ ചെയര്‍മാനാണ്.
പടിഞ്ഞാര്‍മൂലയിലെ ബീരാന്‍ ഹാജിയുടേയും ബീഫാത്തിമ ഹജ്ജുമ്മയുടെ മകനാണ്.
ഭാര്യ: നസീറ (മുന്‍ ജില്ലാ പഞ്ചായത്തംഗം).
മക്കള്‍: തൗസീഫ്, തംഷീര്‍ (ദുബായ്), തസ്‌ലീമ.
മരുമക്കള്‍:നിസാം അപ്സര (ദുബായ്), ഡോ. സാനിയ ചായിന്റടി, ആയിഷ.
സഹോദരങ്ങള്‍: മുന്‍ എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ്, പി.ബി അബ്ദുല്‍ റഹ്‌മാന്‍, റുഖിയ എരിയാല്‍ ചൗക്കി, പി.ബി മുഹമ്മദ്, പി.ബി അബ്ദുല്ല, പി.ബി അബൂബക്കര്‍, പി.ബി ആയിഷ, പി.ബി അബ്ദുല്‍ മുത്തലിബ്.
Post a Comment