JHL

JHL

ദേശീയപാത വികസനം; സ്ഥലമെടുപ്പിന് അനുവദിച്ച തുക പിടിച്ചുവച്ചു

കാസർകോട്(True News 1 September 2019): ജില്ലയിൽ ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പിനായി അനുവദിച്ച 68 കോടിയോളം രൂപ ദേശീയപാത സ്ഥലമെടുപ്പു വിഭാഗം സ്പെഷൽ ഡപ്യൂട്ടി കലക്ടർ പിടിച്ചു വച്ചു. അതു തൽക്കാലം നൽകേണ്ടെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ നിർദേശിച്ചതാണു കാരണം. കാസർകോട്, അടുക്കത്ത്ബയൽ, കാഞ്ഞങ്ങാട് വില്ലേജുകളിലെ 196 സ്ഥലം ഉടമകൾക്കുള്ളതാണ് ഈ പണം. ജില്ലയിൽ സ്ഥലമെടുപ്പു നടപടികൾ പൂർത്തിയായ ഉടമകൾക്ക് നഷ്ട പരിഹാരം ഉൾപ്പെടെയുള്ള ഭൂമിവില നൽകാനായി കഴിഞ്ഞ നവംമ്പറിലാണ് 400 കോടിയോളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

അതിൽ 220 കോടിയോളം രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. നഗരസഭ പ്രദേശങ്ങളിൽ ഭൂമിയുടെ വില നിർണയിച്ചു നൽകിയത് ഇവർ കൈമാറിയ ആധാരത്തിലെ വിലയുമായി പൊരുത്തമില്ലെന്നും കൂടിയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നുമുള്ള കണ്ടെത്തൽ ആണ് ദേശീയപാത വികസനത്തിനു സ്ഥലം നൽകിയ 196  ഉടമകൾക്കു പണം നൽകുന്നതു തടഞ്ഞത്. ഇത് സംബന്ധിച്ച് നിജസ്ഥിതി പരിശോധിക്കാൻ കേന്ദ്ര ഉന്നത സംഘം നേരത്തെ ജില്ല സന്ദർശിച്ചിരുന്നു. വീണ്ടും ഒരു സംഘം ഇന്നലെ എത്താനിരുന്നതായിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട് ദേശീയപാത വിഭാഗം കോഴിക്കോട് പ്രോജക്ട് ഓഫിസ് അധികൃതർ രേഖകളുടെ പരിശോധനയിലാണ്.

വില നിർണയവുമായി ബന്ധപ്പെട്ട രേഖകളും സ്ഥലത്തിന്റെ നിലവിലുള്ള വിപണി വിലയും പുനഃപരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും ഇവർക്കുള്ള പണം അനുവദിക്കുക. ഭൂമി വില തിട്ടപ്പെടുത്തിയതിലും ഉടമകൾക്കു നൽകാൻ ശുപാർശ ചെയ്തതും നടപ്പു വില തന്നെയാണെന്നും അതിൽ അപാകതകൾ ഇല്ലെന്നും ദേശീയപാത സ്ഥലമെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടർ വിശദമാക്കിയിട്ടുണ്ട്. ഉടമകൾ ആശങ്കപ്പെടേണ്ടതിലെന്നും തെറ്റിദ്ധാരണകൾ ഉടൻ മാറ്റി പണം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments