JHL

JHL

കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും കുടുംബത്തെ മർദ്ദിക്കുകയും ചെയ്ത ഡോക്ടറെ അറസ്റ്റു ചെയ്യണം: നാഷണൽ യൂത്ത് ലീഗ്.


കാസർകോട്(True News 2 Septemer 2019): മഞ്ഞപ്പിത്തവും വയറിളക്കവും ബാധിച്ച് ഗുരുതരനിലയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും മാതാപിതാക്കളെ മർദ്ദിക്കുകയും ചെയ്ത അരുൺ റാം എന്ന ഡോക്ടറെ അറസ്റ്റു ചെയ്യണമെന്ന് നാഷണൽ യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ബേക്കൽ സ്വദേശി റാഷിദും ഭാര്യയും കൈക്കുഞ്ഞും മറ്റു രണ്ടു ചെറിയ മക്കളുമോടൊപ്പം 20-07-2019 തിയ്യതി ഉച്ചക്ക് കാസർകോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ കലശലായ മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ ചെന്നതായിരുന്നു. ഉച്ചക്ക് 12.57 ന് ഒ.പി. ടിക്കറ്റുകൾ നൽകി. ഡോക്ടറുടെ ക്യാബിനിലെത്തിയപ്പോൾ ഒരു വനിതാ ഡോക്ടർ കുട്ടിയെ നോക്കാൻ കഴിയില്ലെന്നും ഒരു മണിക്ക് തങ്ങൾക്ക് പോകാനുണ്ടെന്നും കർക്കശ സ്വരത്തിൽ പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ ഓർത്ത് മാതാപിതാക്കൾ അപേക്ഷിച്ചു. അവരുടെ മനസലിഞ്ഞില്ല. 12.57 ആയതേയുള്ളൂ. ദയവായി ഗുരുതരാവസ്ഥയിലുള്ള ഞങ്ങളുടെ കുഞ്ഞിനെ പരിശോധിച്ച് ടെസ്റ്റിനെങ്കിലും കുറിച്ച് തരണമെന്ന് റാഷിദ് പറഞ്ഞപ്പോൾ ഇത് കേട്ട് അവിടെയെത്തിയ അരുൺ രാം എന്ന ഡോക്ടർ റാഷിദിനോട് കയർത്തു. തനിക്ക് പറഞ്ഞാൽ മനസിലാവില്ലെ എന്ന് ചോദിച്ചു കൊണ്ട് റാഷിദിന്റെ നെഞ്ചിൽ പിടിച്ച് തളളി. സമയമുണ്ടായിട്ടും നിങ്ങൾ ഇത്ര ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ പരിശോധിക്കുന്നില്ലെങ്കിൽ ആരോഗ്യ മന്ത്രിക്ക് പരാതി അയക്കും എന്ന് റാഷിദ് പറഞ്ഞു. എന്നാൽ പിന്നെ നിന്റെ ചങ്കൂറ്റം കാണട്ടെ എന്ന് പറഞ്ഞ് ഡോക്ടർ റാഷിദിനെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. തടയാൻ ചെന്ന ഉമ്മ റംസീനയെയും കുഞ്ഞിനെയും ഡോക്ടർ തള്ളിയിട്ടു. അന്ന് തന്നെ കാസർകോട് സ്റ്റേഷനിൽ കുടുംബം പരാതിപ്പെട്ടു. ഒന്നര മണിക്കൂറോളം സുഖമില്ലാത്ത കുഞ്ഞടക്കം ഈ കുടുംബം പോലീസ് സ്റ്റേഷനിൽ നിന്നു. പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കേസെടുക്കാമെന്നും വിളിപ്പിക്കാമെന്നും പറഞ്ഞ് തിരിച്ചയച്ചു. എന്നാൽ അത് കഴിഞ്ഞ് അന്നേ ദിവസം തന്നെ ഡോക്ടർ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊതു മുതൽ നശിപ്പിച്ചു എന്നുമൊക്കെയുള്ള കള്ളക്കേസ് കൊടുത്ത് കുടുംബത്തെ പീഡിപ്പിക്കുകയാണ്. പിന്നീട് റംസീനയുടെ പരാതിയിൽ ഡോക്ടർക്കെതിരെയും കേസെടുത്തു. എന്നാൽ ഡോക്ടർമാർ ഒ.പി. നിർത്തിവെച്ച് സമരം ചെയ്യുകയാണ്. ഇത്തരത്തിലുള്ള ധാർഷ്ട്യം രോഗികളായ പാവങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു ഡോക്ടറിൽ നിന്നും പ്രതീക്ഷിക്കാത്ത ഗുണ്ടായിസമാണ് ആ കുടുംബം അനുഭവിച്ചത്. തങ്ങൾക്കെതിരെ ഡോക്ടർ കള്ളക്കേസ് കൊടുക്കുകയായിരുന്നുവെന്നും ആശുപത്രിയിൽ സ്ഥാപിച്ച സി.സി.ടി.വി. പരിശോധിക്കണമെന്നും റാഷിദും ഭാര്യ റംസീനയും ആവശ്യപ്പെടുന്നു.
റാഷിദിനെയും റംസീനയെയും മക്കളെയും തടഞ്ഞു നിർത്തി കയ്യേറ്റം ചെയ്യുകയും കേട്ടാലറക്കുന്ന അസഭ്യവർഷം ചൊരിയുകയും ഇനി ഇവിടെ നിന്നാൽ ജീവനോടെ തിരിച്ചു പോകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഡോക്ടർ അരുൺ റാമിനെ അറസ്റ്റ് ചെയ്യണമെന്ന് നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വരും നാളുകളിൽ ഡോക്ടർക്കെതിരായ സമരം ശക്തമാക്കുമെന്നും ആശുപത്രിയിലേക്ക് മാർച്ച് നടത്തുമെന്നും എൻ.വൈ.എൽ. ജില്ലാ നേതാക്കൾ മുന്നറിയിപ്പ് നൽകി.
പത്രസമ്മേളനത്തിൽ എൻ.വൈ.എൽ. ജില്ലാ ജനറൽ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ്, ജില്ലാ ട്രഷറർ ഹനീഫ് പി.എച്ച്., ജില്ലാ വൈസ് പ്രസിഡണ്ട് അൻവർ മാങ്ങാടൻ, ജില്ലാ സെക്രട്ടറിമാരായ സിദ്ദീഖ് ചെങ്കള, ഇ.എൽ.നാസർ കൂളിയങ്കാൽ, എൻ.വൈ.എൽ.നേതാക്കളായ സാദിഖ് കടപ്പുറം, ഹാഷിഫ് ഹദ്ദാദ്, ജലീൽ ബേക്കൽ എന്നിവർ സംബന്ധിച്ചു.

No comments