JHL

JHL

ഈ സമരം പട്ടിണികിടക്കാതിരിക്കാൻ; ഉത്രാടനാളിൽ ബി.എസ്.എൻ.എൽ. കരാർജീവനക്കാരുടെ പട്ടിണിസമരം

കാസർകോട്(True News 11 September 2019): കഴിഞ്ഞ ജൂലായ് രണ്ടിന് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൽ.) ഭവനിൽനിന്ന് പിരിച്ചുവിടൽക്കത്ത് കിട്ടിയപ്പോൾ ബബി എന്ന അറുപതുകാരി പൊട്ടിക്കരഞ്ഞു. 1985 മുതൽ ടെലകോം വകുപ്പിന്റെ കാസർകോട്ടെ വിവിധ ഓഫീസുകളിൽ തൂപ്പുജോലിചെയ്തുവരുന്നതാണ്. പെട്ടെന്ന് പിരിഞ്ഞുപോകാൻ പറഞ്ഞാൽ? അതും നാലുമാസത്തെ ശമ്പളംപോലും കൊടുക്കാതെ.

“ഒരുകൈയിൽ ഈ കടലാസ് തരുമ്പോൾ മറുകൈയിൽ ഞാൻചെയ്ത പണിയുടെ കൂലിതരാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്.” ബഹുനിലയിൽ പ്രവർത്തിക്കുന്ന ഭവന്റെ ഓരോനിലയിലെയും ഉന്നതോദ്യോഗസ്ഥരെക്കണ്ട് ബേബി ഓർമിപ്പിച്ചു. ആർക്കും ഉത്തരമുണ്ടായില്ല. ഒടുവിൽ നിറകണ്ണുകളോടെ അവർ ഇറങ്ങിപ്പോന്നു. ബേബിയുടെ മകൻ ഗണേഷും മകൾ ലതയും ബി.എസ്.എൻ.എൽ. കരാർത്തൊഴിലാളികളാണ്. അവർക്ക് ശമ്പളംകിട്ടിയിട്ട് ആറുമാസമായി.

അടുക്കത്ത്ബയലിൽ വാടകക്വാർട്ടേഴ്‌സിലാണ് ഈ കുടുംബം താമസിക്കുന്നത്. വാടകകൊടുത്തിട്ട് രണ്ടുമാസമായതിനാൽ കെട്ടിട ഉടമ കലഹിക്കുന്നു. ഓണംപോയിട്ട് ഒരു ആഘോഷവും ഈ വീട്ടുകാർക്കില്ല. ബി.എസ്.എൻ.എല്ലിൽ സ്ഥിരംജീവനക്കാരുടെ ശമ്പളവും ചരിത്രത്തിലാദ്യമായി ഈമാസം മുടങ്ങിയിരിക്കെ കരാർത്തൊഴിലാളികളുടെ സ്ഥിതി ദയനീയമാണ്.

ഈമാസം 19-ന് തുടങ്ങുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി കരാർത്തൊഴിലാളികൾ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ ഉത്രാടദിനത്തിൽ ജില്ലാ ആസ്ഥാനത്തെ ടെലിഫോൺഭവനുമുന്നിൽ പട്ടിണിസമരം നടത്തി. സ്ത്രീകളടക്കം ഇരുനൂറോളം ജീവനക്കാർ പങ്കെടുത്തു.

വൈകാരികപ്രശ്നങ്ങൾ ഉയർത്തിവിട്ട് അടിസ്ഥാനപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സമരം ഉദ്ഘാടനംചെയ്ത സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്.കുഞ്ഞമ്പു കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിയെ മുകേഷ് അംബാനി ദൈവതുല്യൻ എന്നാണ് വിശേഷിപ്പിച്ചത്. കാരണം അയാളുടെ സമ്പത്ത് മോദിഭരണത്തിൽ 5000 ശതമാനം വർധിച്ചു. സാധാരണക്കാരുടെ സമ്പത്തെ വർധിക്കാത്തതുള്ളൂ. അവരുടെ ദാരിദ്ര്യമാണ് വർധിച്ചത് -കുഞ്ഞമ്പു ചൂണ്ടിക്കാട്ടി.

ഒന്നരലക്ഷം ജീവനക്കാർക്ക് ശമ്പളംകൊടുക്കാൻ വൻതുക വേണമെന്നും അത് തന്റെപക്കലില്ലെന്നും പറയുന്ന വാർത്താവിനിമയ മന്ത്രി എന്തുകൊണ്ടാണ് തുക ഇല്ലാത്തതെന്ന് പറയുന്നില്ലെന്ന് അധ്യക്ഷതവഹിച്ച യൂണിയൻ നേതാവ് രവീന്ദ്രൻ കൊടക്കാട് ചൂണ്ടിക്കാട്ടി. വരുമാനം പകുതിയായതാണ് യഥാർഥകാരണം. അതിനിടയാക്കിയതാകട്ടെ അംബാനിയുടെ കമ്പനിക്ക് വഴിവിട്ട് സഹായംചെയ്തതും ബി.എസ്.എൻ.എല്ലിന്റെ വളർച്ച തടഞ്ഞതും. -അദ്ദേഹം കുറ്റപ്പെടുത്തി. കെ.വി.കൃഷ്ണൻ പി.ജനാർദനൻ, പി.വി.രാജേന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.
bsnl-contractors-strike

No comments