JHL

JHL

ഒടുവിൽ അയഞ്ഞ് കേന്ദ്രം: വാഹന നിയമ ലംഘനത്തിന്‍റെ പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

ദില്ലി: കീശ കീറുന്ന മോട്ടോർ വാഹനനിയമത്തിൽ ഒടുവിൽ നിലപാടിൽ അയവു വരുത്തി കേന്ദ്രസർക്കാർ. വാഹനനിയമലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. പിഴയല്ല, ആളുകളുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം എന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന ഗുജറാത്തുൾപ്പടെയുള്ള സംസ്ഥാനങ്ങൾ പിഴത്തുക കുറച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാടിൽ അയവ് വരുത്തുന്നത്.

മോട്ടോർ വാഹനനിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കേരളം കേന്ദ്രസർക്കാരിന് കത്ത് നൽകാനിരിക്കുകയായിരുന്നു. വൻ പിഴത്തുക ഈടാക്കുന്നത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച എട്ട് സംസ്ഥാനങ്ങളുടെ നടപടി നിയമപരമായി പരിശോധിച്ച ശേഷം സമാനമായ നിലപാടെടുക്കാൻ കഴിയുമോ എന്നതിൽ അന്തിമതീരുമാനം എടുക്കുമെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയത്.

''വലിയ പിഴത്തുകയെന്നത് പ്രായോഗികമല്ല'', എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 16 മുതൽ ഗുജറാത്തിൽ പുതിയ പിഴസംവിധാനം നിലവിൽ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മോട്ടോർ വാഹനഭേദഗതി കോൺകറന്‍റ് ലിസ്റ്റിലാണുള്ളതെന്നും, സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രസർക്കാരിനും നിയമത്തിലെ ചട്ടങ്ങൾ ഭേദഗതി ചെയ്യാനാകുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

''പിഴത്തുക ഈടാക്കുന്നതിലൂടെ വരുമാനം കൂട്ടുകയല്ല സർക്കാരിന്‍റെ ലക്ഷ്യം. സുരക്ഷയുള്ള റോഡുകളുണ്ടാവുക, അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഴയാണോ ജീവനേക്കാൾ പ്രധാനം? നിങ്ങൾ നിയമം ലംഘിച്ചില്ലെങ്കിൽ പിഴയീടാക്കേണ്ടി വരില്ലല്ലോ?'', ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവേ നിതിൻ ഗഡ്കരി വ്യക്തമാക്കി.

കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താൻ സംസ്ഥാനസർക്കാർ ആലോചിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി തന്നെ നിലപാട് വ്യക്തമാക്കുന്നത്.

കേന്ദ്രനിയമം തിരുത്തുന്നതെങ്ങനെ?

മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്.

ഈ പഴുതാണ് കേരളം ഉപയോഗിക്കാൻ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.

എന്നാൽ കോടതിയിൽ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. ഓണനാളുകളിൽ പരിശോധന കർശനമാക്കിയിട്ടില്ല.

കനത്ത പിഴ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ ജനരോഷം ഉയരുന്നത് ഒഴിവാക്കാൻ കൂടിയാണ് പുതിയ നീക്കം.

No comments