JHL

JHL

മൈസൂരിൽ നിന്ന് കേരളത്തിലേക്ക് വിൽപനക്ക് കൊണ്ടുവരികയായിരുന്ന മാരകമായ എംഡിഎംഎ ലഹരിമരുന്നുമായി രണ്ടു പേർ പിടിയിൽ

മുള്ളേരിയ(True News 8 September 2019):  കാറിൽ കടത്തിയ ഒരു ലക്ഷത്തിലേറെ രൂപ വിലയുള്ള ലഹരി മരുന്നുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടു പേർ എക്സൈസിന്റെ പിടിയിൽ. കാസർകോട് ആലംപാടി അസീബ മൻസിലിലെ വി. ഖൻസുൽ ഹഖ്(22), കണ്ണൂർ മുഴുപ്പിലങ്ങാട് തൗഫീഖ് മൻസിലിലെ സി.വി. റുഹൈബ്(29) എന്നിവരെയാണ് സംസ്ഥാനാന്തര പാതയിലെ കുണ്ടാറിൽ എക്സൈസ് സംഘം  പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയും 20 നിട്രാസെപാം ഗുളികകളും പിടിച്ചെടുത്തു. എംഡിഎംഎയ്ക്ക് ഗ്രാമിനു ഏകദേശം 6000ത്തിലേറെ രൂപ വിലയുണ്ട്. ഇന്നു രാവിലെ കുണ്ടാറിൽ ബദിയടുക്ക റേഞ്ച് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. കാറിലെത്തിയ ഇവരെ കണ്ട് സംശയം തോന്നിയാണ് എക്സൈസ് ദേഹപരിശോധന നടത്തിയത്. പാന്റ്സിന്റെ കീശയിൽ നിന്നാണ് പ്ലാസ്റ്റിക് കവറിലാക്കിയ ലഹരി മരുന്നുകൾ പിടികൂടിയത്.

റുഹൈബ് ലഹരി ഉപയോഗിച്ചിരുന്നതായും എക്സൈസ് പറഞ്ഞു.മൈസൂരുവിൽ നിന്ന് ഇവ വാങ്ങി കാസർകോട്ടേക്ക് വിൽപനയ്ക്കു കൊണ്ടുവരികയായിരുന്നു പ്രതികളെന്നാണ് വിവരം. ചെർക്കളയിൽ നിന്നു വാടകയ്ക്കെടുത്ത കാറാണ് പ്രതികൾ ഉപയോഗിച്ചത്. ജില്ലയിൽ എക്സൈസ് ആദ്യമായാണ് ഇത്ര അളവിൽ എംഡിഎംഎ പിടിച്ചെടുക്കുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർമാരായ വി. ബാബു,വി. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.കെ.വി. സുരേഷ്, പ്രഭാകരൻ, സജിത്ത്,പ്രജീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

two-youth-accused-with-mdma-at-mulleriya

No comments