JHL

JHL

ചെർക്കള ട്രാഫിക് സർക്കിൾ പുനർനിർമാണം തുടങ്ങി

ചെർക്കള(True News 6 October 2019): നിർമാണത്തിലെ അപാകത്തെ തുടർന്ന് പൊളിച്ചുനീക്കിയ ചെർക്കള ടൗണിലെ ട്രാഫിക് സർക്കിൾ പുനർനിർമാണപ്രവൃത്തി തുടങ്ങി. പുനർനിർമാണത്തിന് 69 ലക്ഷം രൂപയാണ് അനുവദിച്ചത്. രണ്ട് ട്രാഫിക് സർക്കിളിന്റെയും വലിപ്പം കുറച്ച് തകർന്ന റോഡിൽ മെക്കാഡം ടാറിടൽ നടത്തും. സർക്കിൾ നിർമാണത്തിൽ ചൂണ്ടിക്കാട്ടിയിരുന്ന അപാകം പൂർണമായും പരിഹരിച്ചാണ് പുതിയ ഡിസൈൻ തയ്യാറാക്കിയത്. രണ്ടുമാസത്തിനകം പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഗതാഗതക്കുരുക്കും പൊടിശല്യവും ഒഴിവാക്കുന്നതിന് രാത്രിയാണ് പണി കൂടുതലായും നടത്തുക.സർക്കിളും തകർന്നുകിടക്കുന്ന റോഡും ഇളക്കി മാറ്റി. ബി.എം.ബി.സി. ടാറിങ് നടത്തും. പിന്നീടാണ് സർക്കിൾ പണിയുക. പുനർ നിർമാണത്തിന് നേരത്തേ മൂന്നുതവണ ടെൻഡർ വിളിച്ചെങ്കിലും പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ മുന്നോട്ടുവന്നില്ല. നെല്ലിക്കട്ടയിലെ ബി.എ.അബ്ദുൾ ഖാദറാണ് പുനർനിർമാണപ്രവൃത്തി ഇപ്പോൾ ഏറ്റെടുത്തിട്ടുണള്ളത്. ഡിസംബറിന് മുൻപ്‌ പൂർത്തീകരിക്കണമെന്നാണ് കരാർ. നവംബറോടെതന്നെ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ കെ.പി.വിനോദ്കുമാർ പറഞ്ഞു.

2017 നവംബറിലാണ് ട്രാഫിക് സർക്കിളും പാർക്കിങ് സർക്കിളും പൊളിച്ചു നീക്കിയത്. കാസർകോട്ടെത്തിയ മന്ത്രി ജി.സുധാകരൻ ഇതുവഴിയുള്ള യാത്രയ്ക്കിടെ സർക്കിൾ നിർമാണത്തിലെ അപാകം കണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് സർക്കിൾ തൊട്ടടുത്ത ദിവസംതന്നെ പൊളിച്ചു നീക്കിയെങ്കിലും പുനർനിർമാണ നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. കരിങ്കൽച്ചീളുകൾ ഇളകിത്തെറിച്ച് തകർന്നുകിടക്കുന്ന റോഡിൽ വാഹനയാത്ര അപകടഭീതി വിതച്ച് തോന്നുംപടിയായിരുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇളകിയ കരിങ്കൽച്ചീളുകൾ കാൽനടയാത്രക്കാരുടെ മേലും മറ്റു വാഹനങ്ങളിലേക്കും തെറിക്കുന്നതും ഭീതിവിതച്ചു.

മഴക്കാലത്ത് വെള്ളം കെട്ടിനിന്ന റോഡ് ചെർക്കള ടൗണിൽ പൂർണമായും തകർന്നു. മഴ നീങ്ങിയതോടെ പൊടിശല്യവും രൂക്ഷമായിരുന്നു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.യുടെ ആസ്തിവികസനനിധിയിൽ രണ്ടുകോടി രൂപചെലവിലാണ് ചെർക്കള ടൗണിന്റെ മുഖച്ഛായ മാറ്റുമെന്ന് കരുതിയിരുന്ന നവീകരണപ്രവൃത്തി നടത്തിയത്.

റോഡിന്റെ വീതി കുറയുംവിധം പാർക്കിങ് സർക്കിളും ട്രാഫിക് സർക്കിളും പണിയുമ്പോൾത്തന്നെ നിർമാണത്തിലെ അപാകം നാട്ടുകാരും ഡ്രൈവർമാരും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിർമാണം പൂർത്തിയായ റോഡിലെ മെക്കാഡം ടാറിടൽ രണ്ടുമാസം കൊണ്ടുതന്നെ ഇളകിമാറി കുഴികൾ രൂപപ്പെട്ടിരുന്നു. നിർമാണത്തിലെ ക്രമക്കേടിനെ തുടർന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ ഉൾപ്പെടെ നാലുപേർക്കെതിരേ വിജിലൻസ് കേസെടുത്തിരുന്നു.

No comments