JHL

JHL

അപ്രതീക്ഷിത മഴ; കൃഷിക്കാർ ആശങ്കയിൽ

കുമ്പള/ബദിയടുക്ക(True News, Dec 2,2019): അപ്രതീക്ഷിതമായി തുലാവർഷം ശക്തമായത് കർഷകർക്ക് ദുരിതമായി. സാധാരണനിലയിൽ തുലാം അവസാനിക്കുന്നതോടെ മഴയും മാറിനിൽക്കുകയാണ് പതിവ്.എന്നാൽ വൃശ്ചികം പകുതിയോടെ വീണ്ടും തുലാവർഷം സജീവമായതാണ് കർഷകർക്ക് ആശങ്കയുണ്ടാക്കിയത്.
അടയ്ക്കാ കര്ഷകരെയാണ് മഴ കൂടുതൽ ബുദ്ധിമുട്ടിച്ചത്.ഞായറാഴ്ച ഉച്ചയോടെ അപ്രതീക്ഷിതമായി മഴ പെയ്തത് ഉണക്കാനിട്ട അടക്ക നനച്ചു.പലസ്ഥലത്തും ഉണങ്ങിയ അടക്ക മഴവെള്ളത്തിൽ ഒലിച്ചുപോയി. കീടനാശിനി പ്രയോഗിച്ചു കൂടുതൽ ദിവസമാകാതെ തന്നെ  മഴയെത്തിയതിനാൽ നേരത്തെ  മരുന്നടിച്ചത്  പ്രയോജനം ചെയ്യില്ല. വീണ്ടും മരുന്നടിക്കേണ്ടിവരുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും. 
രണ്ടാം വിള നെല്ലിനും മഴ ഭീഷണിയായി. നിലവിൽ കൃഷി നാശമുണ്ടായിട്ടില്ലെങ്കിലും മഴ തുടർന്നാൽ ഞാറു ചീയലടക്കമുള്ള രോഗങ്ങൾ പിടിപെടാനും സാധ്യതയുണ്ട്.
എന്നാൽ പച്ചക്കറി കൃഷിക്കാർക്ക് മഴ അനുഗ്രഹമായി. പയർ ,വെണ്ട, കാത്തിരിക്കായ്,ചീര തുടങ്ങിയ കൃഷികൾ വിളവെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. പുതിയ നടീൽ തുടങ്ങാനും നിലവിലുള്ളത്തിന്റെ വിളവെടുപ്പ് അല്പദിവസം കൂടി തുടരാനും മഴ സഹായിക്കുമെന്ന് കൃഷിക്കാർ  .തെങ്ങു കർഷകരും മഴ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ്.   

No comments