JHL

JHL

ഇനി പടവുകൾ കയറി വിഷമിക്കണ്ട ; കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് തയ്യാർ

കാസർകോട്(True News 11 February 2020): കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന പ്രായമായവരും രോഗികളും അംഗപരിമിതരുമായ യാത്രക്കാർ ഇനി പടികൾ ചവിട്ടി വിഷമിക്കേണ്ട. ഇവർക്കായി നിർമിച്ച രണ്ട് ലിഫ്റ്റുകളും പ്രവർത്തനം തുടങ്ങി. തത്‌ക്കാലം പരീക്ഷണാടിസ്ഥാനത്തിലാണ്. പക്ഷെ, ഉപയോഗിക്കാം.
പുതിയതായി നിർമിച്ച രണ്ട് ലിഫ്റ്റുകൾ ഏതാനുംദിവസം മുമ്പാണ് ട്രയൽ റൺ ആരംഭിച്ചത്. പ്ലാറ്റ്‌ഫോം ഒന്നിൽനിന്ന്‌ രണ്ടിലേക്ക് വരാനും പോകാനും തക്കവിധത്തിലാണ് ലിഫ്റ്റുകൾ നിർമിച്ചിരിക്കുന്നത്. ഇരു ലിഫ്റ്റുകൾക്കുമായി 41.5 ലക്ഷം രൂപയുടെ ടെൻഡർ അംഗീകരിച്ചാണ് ലിഫ്റ്റുകളുടെ നിർമാണം പൂർത്തീകരിച്ചത്.
റെയിൽവേ സ്റ്റേഷനിലെത്തുന്ന ആർക്കുവേണമെങ്കിലും ലിഫ്റ്റുകളുടെ സൗകര്യം പ്രയോജനപ്പെടുത്താം. 13 പേർക്കാണ് ഒരേസമയം ലിഫ്റ്റിൽ കയറാനാവുക. അമിതഭാരം കയറിയാൽ ലിഫ്റ്റ് തന്നെ സന്ദേശം നൽകും. ലിഫ്റ്റിനുള്ളിൽ ആന്റി റിസ്ക് ഉപകരണം സ്ഥാപിച്ചിട്ടുള്ളതിനാൽ വൈദ്യുതി നിലയ്ക്കുകയോ മറ്റുതകരാറുകൾ സംഭവിക്കുകയോ ചെയ്താൽ ഉടൻ അധികൃതർക്ക് സന്ദേശം ലഭിക്കുകയും ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഡിവിഷണൽ ഇലക്‌ട്രിക്കൽ എൻജിനീയർ അറിയിച്ചു.
കാസർകോട്ടെ ലിഫ്റ്റിനോടൊപ്പം കാഞ്ഞങ്ങാട്, മംഗളൂരു എന്നീ സ്റ്റേഷനുകളിലും ലിഫ്റ്റുകൾ നിർമിച്ചെന്നും തലശ്ശേരിയിലെ ലിഫ്റ്റുകളുടെ നിർമാണം ഉടൻ പൂർത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

No comments