JHL

JHL

മൊഗ്രാൽ സ്‌കൂളിലെ മിർശാനക്ക് നൽകിയ വാഗ്ദാനം പാലിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കാസർകോട്(True News 19 February 2020): ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ മിർഷാനയോട് വാക്ക് പാലിച്ചു. പഠിക്കാൻ ആവശ്യമായ ലാപ്ടോപ് വാങ്ങിക്കൊടുത്താണ് അദ്ദേഹം അരയ്ക്കുതാഴെ തളർന്ന ഈ പെൺകുട്ടിയോട് പറഞ്ഞ വാക്ക് പാലിച്ചത്. മൊഗ്രാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന മിർഷാനയെ കാണാൻ കഴിഞ്ഞ സപ്തംബറിലാണ് അദ്ദേഹം സ്കൂളിലെത്തിയത്. നാഡികളുടെ ശേഷികുറയുന്ന അസുഖം ശരീരത്തെ തളർത്താൻ ശ്രമിക്കുമ്പോഴും ആത്മവിശ്വാസവും പുഞ്ചിരിയും കൊണ്ട് അവയെ എതിരിടുന്ന മിർഷാനയെക്കുറിച്ച് ’മാതൃഭൂമി’ നൽകിയ വാർത്ത വായിച്ചാണ് അദ്ദേഹം സ്കൂളിലേക്ക് എത്തുന്നത്.
കുട്ടിയോട് സംസാരിച്ച അദ്ദേഹം പഠനത്തിനായി എന്തെങ്കിലും സൗകര്യങ്ങൾ ആവശ്യമുണ്ടോ എന്നു ചോദിച്ചു. അങ്ങനെയാണ് സ്വന്തമായി ഒരു ലാപ്ടോപ് എന്ന ആഗ്രഹം മിർഷാന അദ്ദേഹത്തോട് പറഞ്ഞത്. ആ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഇപ്പോൾ മൊഗ്രാൽ ഗവ. സ്കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകനുമായ മോഹനൻ മാഷ് തന്റെ അവാർഡ് തുക മിർഷാനയ്ക്ക് നൽകിയത് വാർത്തയായതോടെയാണ് മിർഷാനയുടെ കഥ പുറംലോകമറിയുന്നത്. വീട്ടിനുള്ളിലും വെളിയിലും ഇലക്‌ട്രോണിക് വീൽചെയർ ഉപയോഗിച്ചാണ് മിർഷാന സഞ്ചരിക്കുന്നത്. ഇത്തരം വീൽചെയർ ഉപയോഗിക്കാൻ മിർഷാനയ്ക്ക് സാധിക്കുമെന്ന സാക്ഷ്യപത്രം നൽകാൻ സർക്കാർ ഡോക്ടർമാർ വിസമ്മതിച്ചപ്പോൾ മൊഗ്രാൽ ഗ്രാമത്തിലെ സുമനസ്സുകൾ ചേർന്ന് തുക സ്വരൂപിച്ചാണ് ഇലക്‌ട്രോണിക് വീൽചെയർ ഈ കൊച്ചുമിടുക്കിക്ക് വാങ്ങി നൽകിയത്. അടുത്തമാസം എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മിർഷാന മികച്ച വിജയത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.

No comments