JHL

JHL

തലപ്പാടി ടോൾ പ്ലാസയിൽ സംഘർഷം പതിവാകുന്നു; .കേരളത്തിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിൽ

തലപ്പാടി (True News 27 February 2020): കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ അമിതമായ ടോള്‍ഫീസിനെ ചൊല്ലി സംഘര്‍ഷം പതിവാകുന്നു. ദിവസവും ടോള്‍ഫീസിന്റെ പേരില്‍ സ്വകാര്യബസ് ജീവനക്കാരും ടോള്‍ബൂത്ത് ജീവനക്കാരും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് തലപ്പാടി ടോള്‍ഗേറ്റില്‍ ടോള്‍ഫീസായി ഭീമമായ തുക ഈടാക്കുന്നതിനെ ചോദ്യം ചെയ്ത് സ്വകാര്യബസ് ജീവനക്കാരും നാട്ടുകാരും ടോള്‍ബൂത്ത് ജീവനക്കാരുമായുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളി വരെ എത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് ഉള്ളാള്‍ പൊലീസ് സ്ഥലത്തെത്തി ലാത്തിവീശി. ടോള്‍ഫീസുമായി ബന്ധപ്പെട്ട പ്രശ്നം കാരണം കേരളത്തില്‍ നിന്നുള്ള സ്വകാര്യബസുകള്‍ തലപ്പാടിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. അധികൃതര്‍ നിശ്ചയിച്ച ഫീസ് അടക്കാനാകില്ലെന്നാണ് സിറ്റിബസുടമകള്‍ പറയുന്നത്. തലപ്പാടി ടോള്‍ഗേറ്റ് നിര്‍മിച്ച ശേഷം ഭീമമായ തുക ടോള്‍ഫീസായി നിശ്ചയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്വകാര്യബസുകള്‍ തലപ്പാടിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. ടോള്‍ഫീസ് വിഷയത്തില്‍ മുമ്പ് ഇവിടെ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ടോള്‍നിരക്ക് കുറക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ ടോള്‍ഗേറ്റ് അധികൃതര്‍ ഇത് അംഗീകരിക്കുന്നില്ല. ഇക്കാര്യത്തെ ചൊല്ലി സ്വകാര്യബസ് ജീവനക്കാരും ടോള്‍ബൂത്ത് ജീവനക്കാരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതിനിടെ നാട്ടുകാരും സ്ഥലത്തെത്തി. ടോള്‍ ഫീസ് കുറക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു. ഫീസ് കുറക്കില്ലെന്ന നിലപാടില്‍ ടോള്‍ ബൂത്ത് ജീവനക്കാര്‍ ഉറച്ചുനിന്നതോടെയാണ് സ്ഥിതി സങ്കീര്‍ണമായത്. മംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാര്‍ ഇത്തരം പ്രശ്നങ്ങള്‍ കാരണം തലപ്പാടിയില്‍ ഇറങ്ങി ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറി യാത്ര തുടരേണ്ടിവരുന്നു. ഇതാകട്ടെ യാത്രക്ക് സാമ്പത്തികബാധ്യത കൂടാനും സമയനഷ്ടം വരാനും കാരണമാകുന്നു. സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.


No comments