JHL

JHL

കാട്ടാനക്കും കാട്ടുപോത്തിനും പുറമെ ഇപ്പോൾ പുലിയുമിറങ്ങി ; ആശങ്കയിൽ ദേലംപാടി മുള്ളേരിയ പഞ്ചായത്ത് വാസികൾ



മുള്ളേരിയ (True News, Feb14,2020):  കാട്ടുപോത്തുകളുടെയും  കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം പതിവായ മുള്ളേരിയ ദേലംപാടി പഞ്ചായത്തുകളുടെ  മലയോരമേഖലയിൽ  പുലിപ്പേടിയും.  നെല്ലിത്തട്ടിലാണ് ഇപ്പോൾ നാട്ടുകാർ പുലിയെ നേരിട്ടു കണ്ടിരിക്കുന്നത് വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയതിനു പിന്നാലെ നേരിട്ടു പുലിയെ കാണുകയും ചെയ്തതോടെ കാടിനു നടുവിലെ ഈ കൊച്ചു ഗ്രാമത്തിലുള്ളവർ ഭീതിയിലായി. നാലു ഭാഗവും സംരക്ഷിത വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന നെല്ലിത്തട്ടിൽ ആകെയുള്ളത്   മഹാവിഷ്ണു ക്ഷേത്രവും നാലോ അഞ്ചോ വീടുകളും മാത്രം  
കടുമന, ബളവന്തടുക്ക, ചള്ളത്തുങ്കാൽ, തീർഥക്കര, മലാംകടപ്പ് തുടങ്ങിയ പ്രദേശങ്ങളിലും നേരത്തെ വളർത്തുമൃഗങ്ങളെ കാണാതായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മലാംകടപ്പിൽ മുൻപു കാട്ടുപന്നിയെ തിന്ന് അവശിഷ്ടങ്ങൾ മരക്കൊമ്പിൽ തൂക്കിയിട്ട നിലയിൽ കണ്ടിരുന്നു 
ഒരാഴ്ചയ്ക്കിടെ ഒരു പശുവും നായയുമാണ് പുലിയുടെ ഇരയായത്. പറമ്പിലേക്കു മേയാൻ വിട്ട വാമന   മനോളിത്തായയുടെ പശുവിനെ കാണാതായതിനെ തുടർന്നു നോക്കിയപ്പോഴാണ് കാട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവും കണ്ടു. തലയിലെ ചില ഭാഗങ്ങൾ തിന്നുകയും ചെയ്തിട്ടുണ്ട്. അതിനു പിന്നാലെ ബാലകൃഷ്ണ മനോളിത്തായയുടെ പട്ടിയെയും കാണാതായി. രക്തപ്പാടുകൾ കണ്ടതല്ലാതെ നായയുടെ പൊടിപോലും കണ്ടെത്താനായില്ല 
പാണ്ടി വനത്തിൽ കഴിഞ്ഞ വർഷം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. തങ്ങളുടെ പരിശോധനയിൽ ഇതുവരെ പുലിയെ നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ലെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.സംരക്ഷിത വനത്തിനു നടുവിലാണ് ദേലംപാടി പഞ്ചായത്തിലെ പല കോളനികളും ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്. പുലികളുടെ എണ്ണം കൂടി വരുന്നത് ഇവരെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്. കാട്ടാന, കാട്ടുപോത്ത്, പന്നി, കുരങ്ങ് തുടങ്ങിയ പതിവു ശല്യക്കാർക്കു പുറമേയാണ് പുലിയും ഇപ്പോൾ നാട്ടിലെത്തിയിരിക്കുന്നത്  

No comments