JHL

JHL

ഡൽഹിയിൽ നടക്കുന്നത് സർക്കാർ സ്പോൻസേർഡ് കലാപം - മുഹമ്മദ് രിയാസ്

കുമ്പള: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്നത് കേന്ദ്ര സർക്കാർ സ്പോൻസേർഡ് കലാപമാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് രിയാസ്.
കുമ്പളയിൽ മരണപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകൻ അജിത് കുമാറിന് ഡി വൈ എഫ് ഐ ജില്ല കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
   കുമ്പള (True News 27 February 2020):  ബി ജെ പി നേതാവ് കപിൽ മിശ്രയാണ് കലാപത്തിന് ആഹ്വാനം നൽകിയത്. എന്നിട്ടും അയാൾക്കെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. രാജ്യത്തിന്റെ തകർന്നു തരിപ്പണമായ സമ്പദ് വ്യവസ്ഥയ്ക്ക് മറപിടിക്കാനാണ് പ്രവർത്തകരെ അണിനിരത്തിക്കൊണ്ട് കലാപത്തിന് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആഹ്വാനത്തിൽ ഉറച്ചു നിൽക്കുന്ന കപിൽ മിശ്രയ്ക്ക് കേന്ദ്രം പത്മശ്രീ നൽകി ആദരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
        പ്രധാനമന്ത്രിയെ ട്രംപിന്റെപിന്റെ തെരഞ്ഞെടുപ്പ് മാർക്കറ്റിങ്  ഏജന്റെന്ന് വിശേഷിപ്പിച്ച റിയാസ് ഹൈക്കോടതി ശരിയായ നിലപാടെടുത്തിരുന്നെങ്കിൽ ദൽഹി, മംഗളൂരു കലാപങ്ങളും ജീവഹാനിയും ,   ഹൈദരാബാദിൽ ഒരു സഹോദരി ബലാത്സംഗത്തിന് ഇരയായ സംഭവവും ഒഴിവാക്കാമായിരുന്നുവെന്നും ഇങ്ങനെ ജനങ്ങൾ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയെ ലോകസഭയിലും രാജ്യസഭയിലും വച്ച് കൊല്ലാനുണ്ടായ ശ്രമത്തിനെതിരെ നൽകിയ ഹരജി പരിഗണിക്കാൻ ഹൈക്കോടതിക്ക് ഒന്നര മാസം വേണ്ടിവന്നു. പരിഗണനയ്ക്കെടുത്തപ്പോൾ വിശദീകരണം നൽകാൻ കോടതി നാലാഴ്ച സമയവും നൽകി. ഈ വസ്തുത വിവരിച്ചു കൊണ്ടാണ് കോടതി വേണ്ട പോലെ ഇടപെട്ടിരുന്നുവെങ്കിൽ കലാപം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത്.
        2002 ലെ ഗുജറാത്ത് വംശീയകലാപ സമയത്ത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയുമായിരുന്നു. 2020 ൽ ഡൽഹിയിൽ കലാപം നടക്കുമ്പോൾ മോദി പ്രധാനമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയുമെന്നത് വല്ലാത്ത പൊരുത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
        അജിത്തിന്റെ കുടുംബത്തിന് നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ ദാനം മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. മനീഷിന്റെ കുടുംബത്തിന് സ്വരൂപിച്ച അഞ്ചു ലക്ഷം, അജിത്തിന്റെ മാതാപിതാക്കൾക്കും കുടുംബത്തിനുമുള്ള സഹായങ്ങൾ എന്നിവ ചടങ്ങിൽ വച്ച് സി പി എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു കൈമാറി.
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, അഡ്വ. ശുക്കൂർ, സി ജെ സജിത്, പി കെ നിശാന്ത്, രേവതി, ശങ്കർ റൈ മാസ്റ്റർ, രഘു ദേവൻ മാസ്റ്റർ, സി എ സുബൈർ,  തുടങ്ങിയവർ സംബന്ധിച്ചു.
 


No comments