JHL

JHL

ഒന്നരക്കിലോ സ്വർണ്ണവുമായി രണ്ട് മലയാളികൾ മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

മംഗളൂരു (True News 18 February 2020): ഒന്നര കിലോയോളം സ്വർണവുമായി ദുബായിൽ നിന്നെത്തിയ  മലപ്പുറം സ്വദേശികൾ രണ്ടു പേർ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ  പിടിയിലായി. ഐടിഐ വിദ്യാർഥിയായ മഞ്ചേരിയിലെ മുഹമ്മദ് സ്വാലിഹ് (21), കൊണ്ടോട്ടിയിലെ മുഹമ്മദ് നിഷാദ് (25) എന്നിവരാണു ഞായറാഴ്ച പിടിയിലായത്. സ്പൈസ് ജെറ്റ് വിമാനത്തിലാണു മുഹമ്മദ് സ്വാലിഹ് എത്തിയത്. 32.35 ലക്ഷം രൂപ വിലമതിക്കുന്ന 797 ഗ്രാം (99.625 പവൻ) സ്വർണം ഇയാളിൽ നിന്നു  പിടിച്ചെടുത്തു.  സ്വർണം പശ രൂപത്തിലാക്കി 5 ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞു ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. എയർ ഇന്ത്യ വിമാനത്തിലാണ് 26.59 ലക്ഷം രൂപ വിലമതിക്കുന്ന 655 ഗ്രാം സ്വർണവുമായി മുഹമ്മദ് നിഷാദ് എത്തിയത്. പശ രൂപത്തിലാക്കിയ സ്വർണം 4  ഉറകളിൽ പൊതിഞ്ഞു ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മംഗളൂരു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.  രണ്ടു പേരും കടത്തുകാരാണ് (കാരിയർ) എന്നാണു സൂചന. ഇരുവരും സ്വർണം കൊണ്ടു വന്നത് ഒരേ സംഘത്തിനു വേണ്ടിയാണെന്നും കരുതുന്നു. ഇരുവരും വിസിറ്റിങ് വീസയിലാണു പോയി വന്നത്. ഒരാൾ പിടിയിലാകുന്നതിന് 7 ദിവസം മുൻപും രണ്ടാമൻ 4 ദിവസം മുൻപുമാണു ദുബായിലേക്കു പോയത്.  പോയി ദിവസങ്ങൾക്കകം മടങ്ങിയ ഇരുവരും സ്വർണം കടത്താൻ മാത്രമായി ദുബായിലെത്തിയതാണെന്നാണു നിഗമനം.

No comments