ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ മലയാളം ചാനലുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം
ന്യൂഡൽഹി (True News, March 6,2020): ഏഷ്യാനെറ്റ് , മീഡിയാ വൺ ചാനലുകൾക്കെതിരെ കേന്ദ്രത്തിന്റെ പ്രതികാര നടപടി. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ മലയാളം ചാനലുകൾക്ക് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 48 മണിക്കൂർ നേരത്തേക്കാണു നിരോധനം.
ഈ ചാനലുകൾ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോട് വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം രേഖാമൂലം ആവശ്യപ്പെട്ടു. വിലക്ക് വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ നിലവിൽവന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മീഡിയ വണ്ണിന്റെയും യൂടൂബ് സ്ട്രീമിംഗും തടസപ്പെട്ടിട്ടുണ്ട്.
രണ്ടു ചാനലുകൾക്കും ഈ വിഷയത്തിൽ നേരത്തെ തന്നെ സർക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും ഇരു ചാനലുകളും ഇതിനു മറുപടി നൽകിയിരുന്നെന്നുമാണു വിവരം. ഇനി രണ്ടു ദിവസം കഴിഞ്ഞു മാത്രമേ ഈ ചാനലുകൾ പ്രക്ഷേപണം പുനരാരംഭിക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ, മാധ്യമപ്രവർത്തകനായ പി.ആർ. സുനിൽ കലാപം തടയാതെ ഡൽഹി പോലീസ് കാഴ്ചക്കാരായെന്ന് പറഞ്ഞിരുന്നു. ഇതാണു വിലക്കിനു കാരണമായത്. മീഡിയ വണ്ണിന്റെ കാര്യത്തിൽ ഡൽഹി കറസ്പോണ്ടന്റ് ഹസനുൾ ബന്നയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് വലിയ കുറ്റമായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
Post a Comment