JHL

JHL

എ എം ഡബ്ല്യൂ സൂപ്പർ കപ്പിന് ലൂസിയ- കുത്തിരിപ്പ് മുഹമ്മദ്‌ സ്റ്റേഡിയത്തിൽ പ്രൗഡോജ്വല തുടക്കം.

മൊഗ്രാൽ(www.truenewsmalayalam.com) : കാൽപന്ത് കളിയുടെ ഈറ്റില്ലമായ മൊഗ്രാൽ ഗ്രാമത്തിന് ഉത്സവാന്തരീക്ഷം പകർന്ന് കൊണ്ട് എ എം ഡബ്ലൂ സൂപ്പർ കപ്പിന് ലൂസിയ- കുത്തിരിപ്പ് മുഹമ്മദ്‌ സ്റ്റേഡിയത്തിൽ പ്രൗഡോജ്വല തുടക്കമായി.ഇനി അഞ്ച് രാവുകൾ ഇശൽ ഗ്രാമത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാ രാവുകളായിരിക്കും.

കാൽപന്ത് കൊണ്ട് കവിതവിരിയിച്ച ഒരുപാട് പ്രതിഭകൾക്ക് ജന്മം നൽകിയ, നൂറ് വയസ്സ് പിന്നിട്ട അൽ മുതകമ്മൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബാണ് സ്‌പൈസി എക്സ്പ്രസ്സ്‌, റോക്കി സ്പോർട്സ്,ഡോക്ടേർസ് ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ പ്രാദേശിക സോക്കർ യുദ്ധം സംഘടിപ്പിക്കുന്നത്.

മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ മുന്നേറ്റ നിരയിലെ മിന്നുംതാരമായി ഉയർന്നു വരുന്നതിനിടെ ബൈക്ക് അപകടത്തിന്റെ രൂപത്തിൽ  വിധി വേട്ടയാടി  ഇരുഭാഗവും തളർന്ന യുവ ഫുട്ബോൾ താരമായിരുന്ന ഷിഫാറത്ത് വീൽ ചെയറിലെത്തി ഫുട്ബോൾ മാമാങ്കം ഉദ്ഘാടനം ചെയ്തത് ഖത്തർ വേൾഡ് കപ്പിന്റെ സ്മരണകൾ ഉയർത്തുന്നതായി മാറി.

ഷിഫാറത്ത്, റഫറി റഹ്‌മാൻ പള്ളിക്കരക്ക് പന്ത് കൈമാറിയാണ് സൂപ്പർ കപ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്.

മൊഗ്രാൽ ഫുട്ബോൾ ആചാര്യൻ കുത്തിരിപ്പ് മുഹമ്മദിനെയും ഹൃദയാഘാതത്തെ തുടർന്ന് പൊടുന്നനെ വിടപറഞ്ഞ എം എസ് സി താരം ദിൽഷാദിനെയും സ്മരിക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റുനിന്ന് ഒരു മിനുറ്റ് മൗനം ആചരിച്ചതിന് ശേഷമാണ് മത്സരം ആരംഭിച്ചത്. വിവിധ വർണ്ണങ്ങളിലുള്ള കരിമരുന്ന് പ്രയോഗം ഉദ്ഘാടന ചടങ്ങിന് പൊലിമ പകർന്നു.


ലൂസിയ ഗ്രൂപ്പ്‌ ചെയർമാൻ ഇദ്ദീൻ മൊഗ്രാൽ, ഹമീദ് റോക്കി സ്പോർട്സ്, റമീസ്, മുഹമ്മദ്‌ ബേക്കൽ, റിയാസ് ഡോക്ടേർസ് ഹോസ്പിറ്റൽ, ടി.എം ഷുഹൈബ്, മാഹിൻ മാസ്റ്റർ, സെഡ്.എ മൊഗ്രാൽ, ഡോ. ഹരികൃഷ്ണ, ടി. എം നവാസ് സ്‌പൈസി എക്സ്പ്രസ്സ്‌, സിദ്ദിഖ് റഹ്മാൻ,എം.പി.എ ഖാദർ, ഷകീൽ അബ്ദുല്ല, ക്ലബ് ഭാരവാഹികളായ അൻവർ അഹ്‌മദ്‌, ആസിഫ് ഇഖ്‌ബാൽ, റിയാസ് മൊഗ്രാൽ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

ആദ്യ മത്സരത്തിൽ റിംഗ് മീ മൊബൈൽ ഗല്ലി ഇന്ത്യൻസ്, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലൂസിയ ടൗൺ ടീം മൊഗ്രാലിനെ പരാജയപ്പെടുത്തി.

വിജയികൾക്ക് വേണ്ടി സിറാജ് റോണ്ടി, നൗഫൽ എന്നിവർ ഗോൾ നേടിയപ്പോൾ ടൗൺ ടീമിന് വേണ്ടി അൽഫാസ് ആശ്വാസ ഗോൾ നേടി.കളിയിലെ കേമനായി നൗഫൽ തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാമത്തെ മത്സരത്തിൽ കെ എഫ് സി സ്മാർട്ട്‌ മൊഗ്രാലിയൻസ് ഏക പക്ഷീയമായ ഒരു ഗോളിന് സിറ്റിസൻ എഫ്.സി യെ പരാജയപ്പെടുത്തി. ശുഹൈലാണ് വിജയ ഗോൾ നേടിയത്.കെ എഫ് സിയുടെ റഹീം മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 

നിലവിലുള്ള ജേതാക്കളായ   ഡ്യൂഡ്സ് മൊഗ്രാലും ടി.വി.എസ് ജുപിറ്റർ എഫ് സി മറക്കാനയും തമ്മിലുള്ള ആവേശകരമായ മൂന്നാമത്തെ മത്സരത്തിൽ എഫ് സി മറക്കാന രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഐക്കൺ താരം ഷഹാമത്ത് നേടിയ മനോഹരമായ ഗോളിന് പുറമെ ഷാനു,എഫ് സി മറക്കാനക്ക് വേണ്ടി രണ്ടാം ഗോൾ നേടി വിജയം എളുപ്പമാക്കി.

ഷഹാമത്ത് കളിയിലെ കേമനായി.

അവസാന മത്സരത്തിൽ ക്ലൈമാക്സ്‌ എഫ്.സി, എഫ്. സി. കെ മൊഗ്രാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.

രണ്ട് ഗോൾ നേടിയ ദിൽഷാദ് എം.എൽ ആണ് കളിയിലെ കേമൻ.

വിവിധ ടീമുകൾക്ക് വേണ്ടി നിരവധി ദേശീയ-വിദേശ താരങ്ങളാണ്  കളത്തിലിറങ്ങിയത്.

എട്ടു ടീമുകൾ മാറ്റുരച്ച്  ആവേശത്തിന്റെ അലകൾ തീർക്കുന്ന ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേള മെയ് 7ന് സമാപിക്കും.

No comments