JHL

JHL

മൊഗ്രാൽ സൂപ്പർ കപ്പ്; പൊരിഞ്ഞ സെമി ഫൈനൽ കഴിഞ്ഞു, കലാശക്കൊട്ട് ഇന്ന്.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച് വരുന്ന എ എം ഡബ്ല്യൂ സൂപ്പർ കപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾ കോരിത്തരിപ്പിക്കുന്നതായി.

ആക്രമണ ഫുട്ബോളിന്റെ സകലമാന അടവുകൾ പ്രകടമായ ഒന്നാം സെമി ഫൈനൽ മത്സരത്തിൽ വമ്പൻമാരായ ലൂസിയ ടൗൺ ടീം മൊഗ്രാലും ഫോർ സീറോ ക്ലൈമാക്സ്‌ എഫ് സി യുമാണ് കൊമ്പുകോർത്തത്.

വാശിയേറിയ പോരാട്ടത്തിൽ ലൂസിയ ടൗൺ ടീം മൊഗ്രാൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ക്ലൈമാക്സ്‌ എഫ് സി യെ പരാജയപ്പെടുത്തി ഫൈനലിലേക്ക് ബെർത്ത്‌ നേടുന്ന ആദ്യ ടീമായി മാറി. ആദ്യ പകുതിയിൽ തന്നെ തുടരെ തുടരെ രണ്ട് ഗോളുകൾ നേടി  മുന്നിലെത്തിയ ലൂസിയ ടൗൺ ടീമിനെതിരെ രണ്ടാം പകുതിയിൽ ക്ലൈമാക്സ്‌ എഫ് സി ഉജ്ജ്വല പോരാട്ടം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ലൂസിയ ടൗൺ ടീമിന് വേണ്ടി ജുന്ന, അജ്ജു എന്നിവർ ഗോൾ നേടിയപ്പോൾ ക്ലൈമാക്സിന് വേണ്ടി കളം നിറഞ്ഞ് കളിച്ച ദിൽഷാദ് എം എൽ ആശ്വാസ ഗോൾ നേടി.

കളിയിലെ കേമനായി ലൂസിയ ടൗൺ ടീമിലെ ജുന്ന തെരഞ്ഞെടുക്കപ്പെട്ടു.

കായിക ബലവും ആക്രമണ ഫുട്ബാളിന്റെ കളിയഴകും സമ്മേളിച്ച രണ്ടാം സെമിഫൈനൽ മത്സരത്തിൽ മറക്കാന എഫ് സിയും ഗല്ലി ഇന്ത്യൻസും നേർക്കുനേർ പോരാടിയപ്പോൾ കളി മൈതാനം അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊണ്ടു.

ടൈ-ബ്രേക്കർ വരെ നീണ്ടുനിന്ന, തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മറക്കാന എഫ് സിയെ കീഴടക്കി  ഗല്ലി ഇന്ത്യൻസ്‌ തുടർച്ചയായി മൂന്ന് സീസണിലും ഫൈനലിൽ പ്രവേശനം നേടുന്ന ടീമെന്ന ഖ്യാതി സ്വന്തമാക്കി.

ഇത്തവണയും സെമിയിൽ തോറ്റ് പുറത്താവാനുള്ള വിധി തന്നെയായിരുന്നു മറക്കാന എന്ന പച്ചപ്പടക്ക്.

ആദ്യ പകുതിയുടെ അവസാനത്തിൽ റോണ്ടി സിറാജിന്റെ മനോഹരമായ ഗോളിലൂടെ  ഗല്ലി ഇന്ത്യൻസ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ അവസാനത്തിൽ എഫ് സി മറക്കാനക്ക് വേണ്ടി ഷാനു ഉജ്ജ്വല മുന്നേറ്റത്തിലൂടെ ഗോൾ മടക്കിയതോടെയാണ് കളി ടൈ-ബ്രേക്കറിലേക്ക് നീങ്ങിയത്. പന്ത്കൊണ്ട് ഇന്ദ്രജാലം കാട്ടി മൈതാനത്ത് വിസ്മയം തീർത്ത റിംഗ് മീ ഗല്ലി ഇന്ത്യൻസിന്റെ സന്തോഷ്‌ ട്രോഫി താരം നൗഫൽ രണ്ടാം സെമിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് നടക്കുന്ന കലാശപ്പോരിൽ ഗല്ലി ഇന്ത്യൻസ്‌, ലൂസിയ ടൗൺ ടീം മൊഗ്രാലുമായി ഏറ്റുമുട്ടും.

🖋ടി കെ അൻവർ

No comments