JHL

JHL

ബിറ്റ്‌കോയിന്‍ ഇടപാടിലൂടെ ഷുക്കൂറും സംഘവും ജില്ലയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍; സ്‌പെഷല്‍ബ്രാഞ്ച് അന്വേഷണം തുടങ്ങി

കാസര്‍കോട്(True News 5 September 2019): ഡെറാഡൂണില്‍ കൊല്ലപ്പെട്ട മലപ്പുറം പുലാമന്തോളിലെ അബ്ദുല്‍ ഷൂക്കൂര്‍ ബിറ്റ് കോയിന്‍(ഡിജിറ്റല്‍ കറന്‍സി) ബന്ധുവിനെയും കൂട്ടാളികളെയും ഉപയോഗിച്ച് കാസര്‍കോട് ജില്ലയില്‍ നിന്ന് തട്ടിയെടുത്തത് കോടികളാണെന്ന വിവരം പുറത്തുവന്നു. ഇതോടെ കാസര്‍കോട് സ്‌പെഷ്യല്‍ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷുക്കൂറിന്റെ അടുത്ത ബന്ധുവാണ് കാസര്‍കോട്ടെ ബിറ്റ് കോയിന്‍ ഇടപാടുകളുടെ ചുമതല വഹിച്ചതെന്ന് ഷുക്കൂര്‍ വധക്കേസില്‍ അന്വേഷണം നടത്തുന്ന ഡെറാഡൂണ്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് സ്വദേശികളായ 12 പേരെ ടീം ലീഡര്‍മാരാക്കിയായിരുന്നു ബിറ്റ് കോയിന്‍ ഇടപാടുകളത്രയും നടത്തിയത്. മലപ്പുറം കോട്ടയ്ക്കലില്‍ ഔാഫീസ് തുറന്നാണ് ഈ ഇടപാടുകള്‍ക്കെല്ലാം കരുക്കള്‍ നീക്കിയിരുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്ന് നൂറുകണക്കിനാളുകള്‍ ഷുക്കൂറിന്റെ കമ്പനിയില്‍ പണം നിക്ഷേപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഒരുവര്‍ഷംകൊണ്ട് മൂന്നിരട്ടി തുക ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ഇവര്‍ ആകര്‍ഷിച്ചിരുന്നത്.
ലാഭവിഹിതം പോയിട്ട് മുടക്കുമുതല്‍ പോലും ലഭിക്കാതെ പത്തുമാസമായെങ്കിലും അക്കൗണ്ട് ഉടന്‍ ശരിയാകുമെന്ന ഷുക്കൂറിന്റെ വാക്ക് വിശ്വസിച്ച ഇടപാടുകാര്‍ ഇപ്പോള്‍ അമ്പരപ്പിലാണ്. ഷുക്കൂര്‍ കൊല്ലപ്പെട്ടതോടെ പണം തിരിച്ചുകിട്ടുമെന്ന ഇടപാടുകാരുടെ പ്രതീക്ഷയും അസ്ഥാനത്തായി. ഷുക്കൂറിന്റെ കൂട്ടാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് പണം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചാണ് നിക്ഷേപകര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇവര്‍ വരുംദിവസങ്ങളില്‍ പരാതികളുമായി പൊലീസിനെ സമീപിക്കുമെന്നാണ് അറിയുന്നത്.

അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് പത്തോളം പേര്‍ ചേര്‍ന്നാണെന്നും ഇവരെല്ലാം കേരളത്തിൽ നിന്നുള്ളവരാണെന്നും ഡെറാഡൂൺ സീനിയര്‍ പോലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി വ്യക്തമാക്കി.

പിതാവ് മുഹമ്മദിന്‍റെ നാടായ കാസര്‍കോട് കേന്ദ്രീകരിച്ച് ഷുക്കൂര്‍ ബിസിനസ് നടത്തി വരികയായിരുന്നു. എന്നാൽ ബിറ്റ്കോയിന്‍റെ മൂല്യമിടിഞ്ഞതോടെ നിക്ഷേപകര്‍ ഇയാളോട് പണം ആവശ്യപ്പെട്ട് തുടങ്ങിയിരുന്നു. തുടര്‍ന്ന് നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നതോടെ ഷുക്കൂര്‍ ‍ഡെറാഡൂണിൽ വിദ്യാര്‍ത്ഥിയായ യാസിനൊപ്പം താമസം തുടങ്ങുകയായിരുന്നു. യാസിനൊപ്പം ബിസിനസ് പങ്കാളികളായ ഒൻപതു പേരും ഉണ്ടായിരുന്നു.

ഷുക്കൂറിന്‍റെ കൈവശം കോടികള്‍ മൂല്യം വരുന്ന ബിറ്റ്കോയിൻ ഉണ്ടെന്നും ഇതിന്‍റെ പാസ്‍‍വേഡ് അറിഞ്ഞാൽ ആ പണം സ്വന്തമാക്കാമെന്നും ആഷിഖും സുഹൃത്തുക്കളും കണക്കു കൂട്ടുകയായിരുന്നു. തുടര്‍ന്ന് യാസിന്‍റെ ഡെറാഡൂണിലെ വീട്ടിൽ വെച്ച് ഷുക്കൂറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം തുടര്‍ച്ചയായി മര്‍ദ്ദിച്ചെങ്കിലും ഷുക്കൂര്‍ പാസ്‍‍വേഡ് വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് അവശനായ ഷുക്കൂറനെ അഞ്ചു പേര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഷുക്കൂര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചതോടെ ഇവര്‍ മൃതദേഹം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ഈ വിവരം ആശുപത്രി അധികൃതര്‍ പോലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, ഗുരുതരാവസ്ഥയായിലായ ഷുക്കൂറിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ ഉപേക്ഷിച്ച ശേഷം സംഘം രക്ഷപെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഷുക്കൂര്‍ സജീവമായി ബിറ്റ്കോയിൻ ഇടപാട് നടത്തി വരുന്നുണ്ട്. 'bitjax.BTC', 'BTC.bit.shukoor', എന്നീ പേരുകളിലയിരുന്നു ഷുക്കൂര്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. മുഖ്യപ്രതി ആഖിഖ് ഷുക്കൂറിന്‍റെ അടുത്ത സുഹൃത്താണ്.

പ്രതികളിൽ നാലുപേര്‍ ഷുക്കൂറിന്‍റെ ബിറ്റ്കോയിൻ വാണിജ്യ സ്ഥാപനത്തിലെ സജീവമായ അംഗങ്ങളായിരുന്നു. ഇവര്‍ പലരിൽ നിന്നും ബിറ്റ്കോയിൻ ഇടപാടിനായി നിക്ഷേപം സ്വീകരിച്ചിരുന്നു. ഒരു വര്‍ഷം മുൻപ് ബിറ്റ്കോയിന്‍റെ മൂല്യം ഇടിയുന്നതു വരെ ബിസിനസ് നന്നായി നടത്തി വന്നിരുന്നെങ്കിലും നിക്ഷേപകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാനായി കഴിഞ്ഞ ഓഗസ്റ്റ് 12ന് ഇവര്‍ ഡെറാഡൂണിലേയ്ക്ക് രക്ഷപെടുകയായിരുന്നു.

തന്‍റെ ബിറ്റ്കോയിൻ ട്രേഡിങ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഷുക്കൂര്‍ ആഷിഖിനോട് പറഞ്ഞിരുന്നു. എന്നാൽ ഉടൻ താൻ സ്വന്തമായി ബിറ്റ്കോയിന് സമാനമായ ക്രിപ്റ്റോകറൻസിയ്ക്ക് തുടക്കമിടുമെന്നും നിക്ഷേപകര്‍ക്ക് ലാഭമടക്കം പണം തിരിച്ചു നല്‍കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതോടെ കോടികളുടെ ബിറ്റ്കോയിൻ ഷുക്കൂറിന്‍റെ കൈവശമുണ്ടെന്ന് മനസ്സിലാക്കിയ ആഷിഖ് പാസ്‍‍വേഡ് കൈക്കലാക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

യാസിന്‍റെ വാടകവീട്ടിൽ ഷുക്കൂറിനെ കസേരയിൽ കെട്ടിയിട്ട ശേഷം ഓഗസ്റ്റ് 26 മുതൽ 28 വരെ സംഘം ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഷുക്കൂര്‍ പാസ്‍‍വേഡ് വെളിപ്പെടുത്താൻ തയ്യാറായില്ല. തുടര്‍ന്ന് അവശനിലയിലായ ഇയാളെ ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു.

bit-coin-scam-cheated-kasaragod

No comments