JHL

JHL

ബൈക്ക് കത്തിയത് പെട്രോള്‍ ഊറ്റുന്നതിനിടെ; പൊലീസ് അന്വേഷണത്തിനിടെ കുടുങ്ങിയത് പ്ലസ്ടു വിദ്യാര്‍ത്ഥി

കാഞ്ഞങ്ങാട്(True News 17 September 2019): ചിറ്റാരിക്കാലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിയ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കുടുങ്ങിയത് പ്ലസ്ടു വിദ്യാര്‍ത്ഥി. ചിറ്റാരിക്കാല്‍ അതിരുമാവ് സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് ചിറ്റാരിക്കാല്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയായ രാജേഷിന്റെ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കാണ് ഈമാസം 14ന് രാവിലെ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. കത്തിയ ബൈക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ കന്നാസും പൈപ്പും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരന്‍ പിടിയിലായത്. പിതാവിന്റെ ബൈക്കില്‍ വീട്ടുകാരറിയാതെ പതിനേഴുകാരന്‍ ചുറ്റിക്കറങ്ങിയിരുന്നു. രാത്രിയായപ്പോള്‍ പെട്രോള്‍ തീര്‍ന്നു. ബൈക്കുമായി വീട്ടിലേക്ക് തിരിച്ചുപോകാനാകാത്ത സാഹചര്യമുണ്ടായതോടെ ആശങ്കയിലായ വിദ്യാര്‍ത്ഥി റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ രാജേഷിന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റി കന്നാസില്‍ നിറക്കാന്‍ ശ്രമിച്ചു. ഇരുട്ടായതിനാല്‍ പെട്രോള്‍ കന്നാസില്‍ ഊറ്റുന്നത് കാണാനായി ലൈറ്റര്‍ തെളിച്ചപ്പോള്‍ തീപടരുകയും ബൈക്ക് കത്തിയെരിയുകയുമായിരുന്നു. വിദ്യാര്‍ത്ഥി അവിടെ നിന്ന് ഓടിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കന്നാസും പൈപ്പും അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് വിദ്യാര്‍ത്ഥി പിടിയിലായത്. കൗമാരക്കാരനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി.

No comments